ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ നാളെ. രാവിലെ പത്തുമണിയോടെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയുക്ത ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചൊവ്വാഴ്ച്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ബി സുദര്ശന് റെഡ്ഡിയെ 152 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി പി രാധാകൃഷ്ണന് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണന് ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണന് പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളില്‍ ഒരാളായി. കോയമ്പത്തൂരില്‍ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന് നേരത്തെ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. 2020 മുതല്‍ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന് എന്ന സി പി രാധാകൃഷ്ണന് 1957 ഒക്ടോബര്‍ 20 ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ ആര്‍എസ്എസിലൂടെ വന്ന രാധാകൃഷ്ണന് 1974 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ല്‍ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണന് നിയോഗിതനായി. 1998ല്‍ കോയമ്പത്തൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1999-ല്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്സ്റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.2016ല്‍ രാധാകൃഷ്ണനെ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. നാല് വര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയര്‍ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് ശ്രദ്ധേയമായിരുന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണന് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിതനായി. ജാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ തെലങ്കാന ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും രാധാകൃഷ്ണന് നിയോഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.