കോട്ടയം: തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്ത് നിന്നും തോണിയാത്രതിരിച്ചു.
മങ്ങാട്ട് ഇല്ലത്ത് എം.എന്‍.അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വര്‍ഷം തിരുവോണ വിഭവങ്ങളുമായി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. മങ്ങാട്ടില്ലത്ത് ആറന്മുളയപ്പന് നിത്യപൂജ അര്‍പ്പിച്ച ശേഷമായിരുന്നു യാത്ര. മൂന്ന് തുഴച്ചിലുകാരും ഒപ്പമുണ്ട്. ഇവിടെനിന്ന് കാട്ടൂര്‍ക്കടവ് വരെ ചുരുളന്‍വള്ളത്തിലാണ് യാത്ര. മൂന്ന് പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലും പിന്നിട്ടാണ് യാത്ര. കാട്ടൂരിലെത്തിയശേഷമാണ് തിരുവോണത്തോണിയിലേക്ക് യാത്ര മാറ്റുക.ഉത്രാടം നാളില്‍ കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രക്കടവില്‍നിന്ന് തിരുവാറന്മുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറും. പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാളായ 15-ന് പുലര്‍ച്ചെ അഞ്ചിന് ആറന്മുളക്കടവിലെത്തും. കാട്ടൂര്‍ ക്ഷേത്രത്തില്‍നിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുന്പില് സമര്‍പ്പിച്ചതിന് ശേഷം ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും.കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണനാളില്‍ ഇല്ലത്തെ മുതിര്‍ന്ന ഭട്ടതിരി ബ്രാഹ്മണര്‍ക്ക് കാല്‍കഴിച്ചൂട്ട് നടത്തിയിരുന്നു. ഒരുവര്‍ഷം ആരും എത്തിയിരുന്നില്ല. സങ്കടംകൊണ്ട് തിരുവാന്മുളയപ്പനെ ഭജിച്ച് അല്പം കഴിഞ്ഞപ്പോള്‍ ഒരു ബ്രാഹ്മണന് ഇല്ലത്തെത്തി. ബ്രാഹ്മണന് കാല്‍കഴുകിച്ചൂട്ട് നടത്തി.
അന്ന് ഭട്ടതിരിക്ക് സ്വപ്നത്തില്‍ ഭഗവാന്റെ ദര്‍ശനമുണ്ടായി. 'ഇല്ലത്ത് വന്നത് ബ്രാഹ്മണനല്ല. തിരുവാറന്മുളയപ്പനാണ്. ഇനി മുതല്‍ തിരുവോണത്തിന് വിഭവങ്ങള്‍ ആറന്മുളയില് എത്തിച്ചാല്‍ മതി.' അരുളപ്പാടുണ്ടായെന്നാണ് ഐതിഹ്യം. അങ്ങനെ കാട്ടൂരിലെ ഇല്ലത്തുനിന്ന് വിഭവങ്ങള്‍ ആറന്മുളയിലെത്തിച്ചു. കാലാന്തരത്തില്‍ മങ്ങാട്ട് കുടുംബം കാട്ടൂരില്‍നിന്ന് കുമാരനല്ലൂരിലേക്കു മാറിയെങ്കിലും ആചാരത്തില്‍ മാറ്റംവരുത്തിയില്ല.അമേരിക്കയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ അനൂപ് നാരായണ ഭട്ടതിരി മൂന്നാമത്തെ തവണയാണ് തിരുവാറന്മുളയപ്പന് ഓണസദ്യയുമായി തോണിയാത്ര നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.