ചെന്നൈ: കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 25 പേര് ശ്വാസമെടുക്കാനാവാതെ മരിച്ചതായും 10 പേര് വാരിയെല്ല് തകര്‍ന്ന് മരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരന്തത്തില്‍ ഒന്‍പത് കുട്ടികള്‍ക്ക് വാരിയെല്ല് തകര്‍ന്നായിരുന്നു ജീവന് നഷ്ടമായത്. മരിച്ചവരില്‍ പലരുടെയും ആന്തരിക അവയവങ്ങൾ തകര്‍ന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരിച്ചവരില്‍ പലര്‍ക്കും മൂന്ന് മിനിറ്റിലധികം സമയം ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നതും ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. പലരും ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചതായും വ്യക്തമാകുന്നു. മരിച്ചതില്‍ രണ്ട് കുട്ടികളുടെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.അതേസമയം കരൂരിലെ വേദിയിലേക്ക് എത്തുന്നത് ടിവികെ നേതാവും നടനുമായ വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് ആരോപിച്ചാണ് എഫ്ഐആർ. നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തി.പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ കോപ്പി മാധ്യമങ്ങൾക്ക് ലഭിച്ചു. 'വിജയ് 4 മണിക്കൂര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇതാണ് ആളുകള്‍ തടിച്ചു കൂടാന്‍ കാരണമായത്. മണിക്കൂറുകള്‍ കാത്തിരുന്ന ആളുകള്‍ തളര്‍ന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഘാടകര്‍ ഒന്നും ചെയ്തില്ല', എഫ്ഐആറില്‍ പറയുന്നു.പ്രവര്‍ത്തകര്‍ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകര്‍ന്നു വീണെന്നും എഫ്ഐആറില്‍ സൂചിപ്പിക്കുന്നു. താഴെ നില്ക്കുന്നവരുടെ മുകളിലേക്ക് തകര്‍ന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേര്‍ക്ക് ആണ് അനുമതി നല്‍കിയത്. എന്നാല്‍ 25000 പേര് പങ്കെടുത്തെന്ന് എഫ്ഐആറില്‍ സൂചിപ്പിക്കുന്നു.
അതേസമയം കരൂര്‍ ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ പറഞ്ഞു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡിഎംകെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കരൂരില്‍ സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
ടിവികെയുടെ റാലികള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്. റാലികള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ അനുമതി നല്കാന് സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. റാലിക്ക് അനുവദിച്ച വേദികള്‍ പലതും സൗകര്യം കുറഞ്ഞവയാണെന്നും ആരോപണമുണ്ട്. കരൂരിലെ റാലിക്കിടെ വൈദ്യുതി വിച്ഛേദിച്ചുവെന്നും ടിവികെ കുറ്റപ്പെടുത്തുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു. ആള്‍ക്കൂട്ടത്തിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതാണ് അപകടത്തിന് പ്രധാന കാരണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു
അപകടശേഷം ആശുപത്രിയിലേക്ക് മന്ത്രിമാര്‍ ഉടന്‍ എത്തിയതിലൂടെ ഇക്കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് വ്യക്തമാണ്. കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ജുഡീഷ്യല്‍ അന്വേഷണം. ഇതിലൂടെ നീതി ഉറപ്പാക്കാന്‍ കഴിയില്ല. രാഷ്ട്രീയ വൈരമാണ് ദുരന്തത്തിലേക്ക് നയിച്ചത്. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം. അപകടത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് എത്തുന്നതില്‍ നിന്ന് ടിവികെ നേതാക്കളെ സര്‍ക്കാര്‍ തടയരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.