കൊച്ചി: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ലൈറ്റ് ഓഫാക്കി പൊലീസുകാർ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. പാലാരിവട്ടം വരെയുള്ള ബാനർജി റോഡ്, മെഡിക്കൽ ട്രസ്റ്റ് മുതൽ വൈറ്റില വരെയുള്ള സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ സിഗ്നൽ ഓഫ് ചെയ്‌ത് പൊലീസുകാർ ഗതാഗതം നിയന്ത്രിക്കണമെന്നാണ് ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചത്.
രാവിലെയും വൈകിട്ടും കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ബാനർജി റോഡിൽ പാലാരിവട്ടം മുതൽ ഹൈക്കോടതി വരെയും സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില മുതൽ പള്ളിമുക്ക് വരെയുമുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം.
ഈ റോഡിൽ നിരവധി സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിലും സമയം കുറവായതിനാൽ പച്ച വെളിച്ചം തെളിഞ്ഞ് വാഹനങ്ങൾ നീങ്ങി തുടങ്ങുമ്പോഴേക്കും ചുവപ്പ് തെളിയും. ഇത് പരിഹരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടിറങ്ങണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. രാവിലെ എട്ടര മുതൽ പത്ത് മണിവരെയും വൈകിട്ട് അഞ്ച് മുതൽ ഏഴര വരെയും ഈ റോഡുകളിൽ സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.
ബസുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം മുന്നറിയിപ്പില്ലാതെ നീട്ടിവച്ചതിലും ജസ്റ്റിസ് അമിത് റാവൽ അതൃപ്‌തി രേഖപ്പെടുത്തി. സർക്കാർ ഉടൻ യോഗം ചേർന്നില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബസുകൾ തമ്മിലുള്ള സമയം തീരെ കുറവായതിനാലാണ് തിരക്കിലൂടെയുള്ള മത്സര ഓട്ടം നടക്കുന്നതെന്ന വാദം ഉയർന്നിരുന്നു. ഇതോടെ ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നത് പരിശോധിക്കാൻ യോഗം ചേരാൻ കോടതി നിർദേശിക്കുകയായിരുന്നു.
15 ദിവസത്തിനകം യോഗം ചേരണമെന്നായിരുന്നു ഓഗസ്റ്റ് എട്ടിന് നൽകിയ ഉത്തരവ്. എന്നാൽ സെപ്‌തംബർ 29ന് യോഗം ചേരാനായിരുന്നു സർക്കാർ തീരുമാനം. കോടതിയിൽ അപേക്ഷ നൽകാതെ ഒന്നരമാസത്തിനപ്പുറം യോഗം തീരുമാനിച്ചത് മനഃപൂർവമുള്ള കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അമിത് റാവൽ വിമർശിച്ചു. തുടർന്ന് സെപ്‌തംബർ പത്തിനകം യോഗം ചേരാൻ നിർദേശിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.