കോട്ടൂർ : ഉത്തരംകോട്- കോട്ടൂർ പൊതുമരാമത്ത് റോഡിൽ അപകട സാധ്യതയായി മുത്തശ്ശി മരങ്ങൾ റോഡരികിൽ നിൽക്കുന്നു. ടാറിനോട് ചേർന്ന് നിൽക്കുന്ന ആഞ്ഞിലി, തേക്ക്, പ്ലാവ്, മാവ്, തുടങ്ങിയ മരങ്ങളാണ് റോഡിൻ്റെ ഇരുവശങ്ങളിലുമായി നിൽക്കുന്നത്. കുറ്റിച്ചൽ മേലെ മുക്കിൽ നിന്നും ഉത്തരംകോട് വാഴപ്പള്ളി വഴി കോട്ടൂരിലേക്ക് പോകുന്ന ഈ പ്രധാന റോഡിൻറെ ഇരുവശങ്ങളിലും നിൽക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റുന്നതിന് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
റോഡിൻറെ പണി മഴക്കാലമായതോടെ നിർത്തിവച്ചിരിക്കുകയാണ്. പച്ചക്കാട്- കുന്നുംപുറത്ത് രണ്ട് വലിയ ആഞ്ഞിലി മരങ്ങളാണ് റോഡരികിൽ നിൽക്കുന്നത്. കുന്നുംപുറത്തു നിന്നും വള്ളിമംഗലത്തേക്ക് പോകുന്ന റോഡരികിൽ ഒരു പാലം ഉണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഈ വൻമരം പാലത്തിലേക്ക് മറിഞ്ഞു വീഴാനും പാലം തകരാനും അതുവഴി യാത്രക്കാർക്ക് അപകടമുണ്ടാകാനും സാധ്യത ഏറെയാണ് .
കുന്നുംപുറം ഭാഗത്ത് റോഡിൻറെ ഒരുവശത്ത് സൈഡ് വാൾ പോലും കെട്ടിയിട്ടില്ലാത്തതിനാൽ റോഡ് നിരന്തരം ഇടിയുന്നതായാണ് നാട്ടുകാർ പറയുന്നത് 'കുറ്റിച്ചൽ- കോട്ടൂർ റോഡിൽ 26 മരങ്ങളാണ് റോഡിൻറെ ഇരുവശങ്ങളിലുമായി നിൽക്കുന്നത്. മാസങ്ങൾക്കു മുമ്പ് തുടങ്ങിയ റോഡ് പണി എങ്ങും എത്താതെ നിലനിൽക്കുന്നതിനാൽ വാഹന യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായി തുടരുകയാണ്.
റോഡിൻ്റെ പലഭാഗത്തും അറ്റകുറ്റപ്പണിക്കായി ടാർ ചെയ്തിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ചാടി ചാടിയാണ് ഇതുവഴി കടന്നു പോകുന്നത്. ഓണം അടുക്കാറായതോടെ ആന പാർക്കിലേക്കുള്ള സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്.. പാഴ് മരങ്ങളും മറ്റ് മരങ്ങളും ടെൻഡർ ചെയ്ത് ഓണത്തിന് മുമ്പ് റോഡ് പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നും തെരുവിളക്കുകൾ പൂർണ്ണമായും കത്തിയ്ക്കണമെന്നതുമാണ് നാട്ട്കാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.