ചേർത്തല ;മൂന്നു സ്ത്രീകളുടെ തിരോധാനക്കേസിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ 17–ാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വത്തിനും സ്വർണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നു.ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യൻ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേർ അവശനിലയിൽ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയൽവാസിയായ ടി.ആർ.ഹരിദാസ് പറഞ്ഞു. അന്ന് ഇതു സംബന്ധിച്ചു പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. എന്നാൽ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
പത്താം ക്ലാസ് വരെ പഠിച്ച സെബാസ്റ്റ്യൻ അതിനു ശേഷം സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്തു. പിന്നീട് ടാക്സി ഡ്രൈവറായി. അതിനു ശേഷമാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ, വാരനാട് സ്വദേശി ഐഷ എന്നിവരെ പരിചയപ്പെടുന്നത്. 50–ാം വയസ്സിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഏറ്റുമാനൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. ഇടയ്ക്കു മാത്രം പള്ളിപ്പുറത്തെ വീട്ടിലെത്തും. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരുപ്പുകളും കണ്ടെത്തിയിരുന്നു.
സെബാസ്റ്റ്യന്റെ സുഹൃത്ത് ചേർത്തല ശാസ്താംകവല സ്വദേശി റോസമ്മ (70)യുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ഷെഡിലും പരിശോധന നടത്തി. റോസമ്മയെ ചേർത്തല പൊലീസ് ചോദ്യം ചെയ്തു. വീടിനോ ഭൂമിക്കടിയിലോ ഉള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ചായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.