കൊച്ചി ;മലയാള നിരൂപണത്തിലെ സൗമ്യജ്വാല പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യം. നാളെ രാവിലെ 10 മണിക്ക് എറണാകുളം ടൗൺ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 5 മണിക്ക് രവിപുരം ശ്‌മശാനത്തിൽ സംസ്‌കാരം.കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സർവാദരണീയ ശബ്ദമായിരുന്നു മലയാളികൾ സ്നേഹത്തോടെ സാനുമാഷ് എന്നു വിളിച്ചിരുന്ന എം.കെ. സാനു. എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗദ്ഭ്യം തെളിയിച്ച സാനുവിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്.എൺപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എന്‍.രത്‌നമ്മ. മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെന്റ് സർവീസസ്, ദുബായ്). മരുമക്കൾ: സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി, കാലടി സംസ്കൃത സർവകലാശാല), മിനി (ഇലക്ട്രിക്കൽ എൻജിനീയർ, ദുബായ്). 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ നേടിയ എം.കെ.സാനു നാലുവര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സർക്കാർ കോളജുകളില്‍ അധ്യാപകനായി. 1958 ലാണ് ആദ്യ പുസ്തകം – അഞ്ചു ശാസ്ത്ര നായകന്മാര്‍ – പ്രസിദ്ധീകരിച്ചത്. 1960 ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. മലയാള സാഹിത്യ നിരൂപണത്തിൽ തന്റേതായ മാർഗം തെളിച്ചെടുത്തു സാനു. സൗമ്യവും അതേസമയം കരുത്തുറ്റതുമായ ഭാഷയിൽ അദ്ദേഹം മലയാള നിരൂപണത്തിന് പുതിയ വഴികൾ കാട്ടിക്കൊടുത്തു. ഇടതുപക്ഷ ചിന്തകൾക്കൊപ്പം സഞ്ചരിച്ച സാനുവിന്റെ നിലപാടുകളുടെ കാതൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളായിരുന്നു. അവയിൽ ചുവടുറപ്പിച്ച്, നവോത്ഥാന ചിന്തകളുടെ പ്രകാശം തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹം മലയാളിയിലേക്കു പ്രസരിപ്പിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച പ്രസംഗകര്‍ മുണ്ടശ്ശേരി, അഴീക്കോട്, എം.കെ സാനു എന്നിവരാണെന്ന് കെ. ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അനന്യമായ സംഭാവനകൾ നൽകി എം.കെ. സാനു. ചങ്ങമ്പുഴയെക്കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രമാണ്. ബഷീറിനെപ്പറ്റി ‘ഏകാന്തവീഥിയിലെ അവധൂതൻ’, പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്. ആശാൻ കവിതയെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം.
1983 ല്‍ ജോലിയിൽനിന്ന് വിരമിച്ചു. 1984 ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987 ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽനിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പക്ഷേ പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കർമഗതി എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.
പ്രധാന കൃതികൾ: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്: ആശാന്‍ പഠനത്തിന് ഒരു മുഖവുര, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം. ഗോവിന്ദന്‍, യുക്തിവാദി എം.സി. ജോസഫ്, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കര്‍മഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം, താഴ്‌വരയിലെ സന്ധ്യ, സഹോദരന്‍ കെ. അയ്യപ്പന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.