ബോളിവുഡിൽ നിന്നെത്തിയ തന്നെ മലയാള സിനിമ ഇരുകൈയും നീട്ടി സ്നേഹിക്കുന്നതിൻ്റെ ആനന്ദം പങ്കുവെച്ച് സംവിധായകൻ അനുരാഗ് കശ്യപ്. മലയാള സിനിമയിലെ പ്രശസ്തരായ സംവിധായകർ ചേർന്ന് തൻ്റെ ജന്മദിനം അന്നേ ദിവസം ജന്മദിനമുള്ള നടി മഞ്ജു വാര്യരോടൊപ്പം ആഘോഷിച്ചതിൻ്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
സിനിമാ നിരൂപകനായ സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തെന്നിന്ത്യൻ സിനിമ തൻ്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് വാചാലനായത്.ഏറെ പ്രചോദനമേകിയിട്ടുള്ള സംവിധായകരുൾപ്പടെ ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ആനന്ദവും കശ്യപ് പങ്കുവെക്കുന്നുണ്ട്. റൈഫിൾ ക്ലബിൽ അഭിനയിക്കാൻ പോയപ്പോൾ വളരെ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി. അത് തൻ്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.
'ഇക്കാര്യത്തിന് ആഷിഖ് അബുവിനോടും ശ്യാം പുഷ്കരനോടുമാണ് ഞാൻ നന്ദി പറയേണ്ടത്. ദീർഘകാലമായി മഞ്ജുവും ഞാനും ഫോണിലൂടെയുള്ള സുഹൃത്തുക്കളാണ്. ഞങ്ങളുടെ ജന്മദിനവും ഒരേ ദിവസമാണ്. ഇന്ദ്രജിത്ത് ഉൾപ്പടെയുള്ളവർ ചേർന്ന് ഇത് ആഘോഷമാക്കണമെന്ന് പറഞ്ഞു. പ്രചോദനമായിട്ടുള്ള സംവിധായകർ ഉൾപ്പടെ നിരവധി പേർ അന്നവിടെ എത്തി. ഹിന്ദി സിനിമാ മേഖലയിൽ ആളുകൾ എന്നെ ഒഴിവാക്കുകയായിരുന്നു. എനിക്ക് ഫിൽട്ടറില്ലാതെ സംസാരിക്കുന്ന സ്വഭാവമാണെന്നും അവർ കരുതുന്നു.
എന്നോടൊപ്പം ചേർന്നാൽ ചിലപ്പോൾ ഏതെങ്കിലും സ്റ്റുഡിയോയുമായി പ്രവർത്തിക്കാൻ അവസരം ലഭിക്കില്ലെന്നോ മറ്റാരെങ്കിലും അസ്വസ്ഥരാകുമെന്നോ അവർ ചിന്തിക്കുന്നു. എന്നാൽ ഞാനിപ്പോൾ എനിക്ക് പ്രചോദനം നൽകുന്ന, എന്നെ ഒരുപാട് സ്നേഹിക്കുന്ന ആളുകളുള്ള ഒരിടത്താണ് എത്തിയിരിക്കുന്നത്'- അനുരാഗ് കശ്യപ് പറയുന്നു.സംവിധായകരായ ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിവർ ചേർന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ മഞ്ജു വാര്യറുടെയും അനുരാഗ് കശ്യപിൻ്റെയും ജന്മദിനം ആഘോഷിച്ചത്.
തെന്നിന്ത്യയിലുള്ളവരോട് സംസാരിക്കാൻ തനിക്ക് മദ്യം വേണ്ടെന്നും കശ്യപ് പറയുന്നുണ്ട്. ഇങ്ങോട്ട് മാറിയപ്പോൾ തന്നെ താൻ മദ്യപാനം കുറച്ചു. വ്യായാമം ചെയ്യാനും തുടങ്ങി. മുൻവിധികളില്ലാത്ത മനുഷ്യരുടെ കൂടെയാണിപ്പോളെന്നും കശ്യപ് പറയുന്നുണ്ട്.
അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം 'ദൊബാര' (2022) ആയിരുന്നു. കശ്യപ് സംവിധാനം ചെയ്ത് അടുത്തതായി റിലീസ് ചെയ്യുന്നത് 'നിഷാഞ്ചി' ആണ്. ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഐശ്വരി താക്കറെയുടെ അരങ്ങേറ്റ ചിത്രമാണിത്. വേദിക പിന്റോ, മോണിക്ക പൻവാർ, മുഹമ്മദ് സീഷാൻ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'നിഷാഞ്ചി' 2025 സെപ്റ്റംബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
അടുത്തിടെ റൈഫിൾ ക്ലബ് എന്ന മലയാള സിനിമയിലും മഹാരാജ എന്ന തമിഴ്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 8 എന്ന കന്നഡ ചിത്രമാണ് അദ്ദേഹം അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ആദിവി ശേഷ് നായകനാവുന്ന തെലുങ്ക് ചിത്രം ഡക്കോയിറ്റിലും ശ്രദ്ധേയമായ വേഷത്തിൽ അനുരാഗ് കശ്യപ് എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.