ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ 55കാരി 17ാമത്തെ കുഞ്ഞിന് ജന്മം നൽകി. രേഖ കൽബെലിയയാണ് മക്കൾക്കും മരുമക്കൾക്കും പേരകുട്ടികൾക്കുമൊപ്പം ആശുപത്രിയിലെത്തി പ്രസവിച്ചത്.
ഉദയ്പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. 17 മക്കളെ പ്രസവിച്ചെങ്കിലും 12 മക്കളാണ് ഇവർക്ക് ഇപ്പോഴുള്ളത്. ഏഴ് ആണും അഞ്ച് പെണ്ണും. നാല് ആൺകുട്ടിയും ഒരു പെൺകുട്ടിയും ജനനത്തിന് പിന്നാലെ മരിച്ചിരുന്നു.
രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇവർക്കെല്ലാം മക്കളുമുണ്ടെന്ന് രേഖയുടെ ഭർത്താവ് കവ്‌ര കൽബെലിയ പറഞ്ഞു. അതേസമയം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന് കവ്‌ര പറയുന്നു.
ആക്രിസാധനങ്ങൾ ശേഖരിച്ച് ജോലി ചെയ്താണ് ഉപജീവനം. മക്കളുടെ വിവാഹത്തിനായി പലിശയ്ക്ക് പണം വാങ്ങിയതായും ഇയാൾ പറയുന്നു. വീട്ടിലെ ആരും തന്നെ സ്‌കൂളിൽ പോയിട്ടില്ലെന്നും വിദ്യാഭ്യാസം നേടിയിട്ടില്ലെന്നും ഇയാൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ആശുപത്രിയിലെ ഡോക്ടറോട് രേഖ കൽബെലിയ ഇത് നാലാമത്തെ പ്രസവമാണെന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. പിന്നീടാണ് പതിനാറ് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്ന് അറിഞ്ഞതെന്നും ഡോ റോഷൻ ദാരംഗി പറഞ്ഞു. സാധാരണഗതിയിൽ ഇത്രയേറെ പ്രസവം നടന്നാൽ ഗർഭപാത്രം ദുർബലമാവുകയും അമിത രക്തസ്രാവത്തിന് ഇടയായി അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ അപകടത്തിൽ ആയേക്കാവുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അത്തരമൊരു പ്രശ്‌നം നേരിടേണ്ടി വന്നില്ലെന്നും ഡോക്ടർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.