പാലക്കാട്: നിപാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻശേഷിയുള്ള സസ്യ തന്മാത്രകളെ തിരിച്ചറിഞ്ഞ് പാലക്കാട് ഐഐടിയിലെ ഗവേഷകർ. ഇവയുപയോഗിച്ച് നിർമിക്കുന്ന മരുന്നിന് നിലവിൽ നിപ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ ഫലപ്രദമായി പ്രവർത്തിക്കാനാവുമെന്നാണ് നിഗമനം.
മനുഷ്യശരീരത്തിനുള്ളിൽ വൈറസ് പെരുകുന്നത് തടയാൻ ഇവയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഐഐടി ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴി, പ്രൊഫ. ജഗദീഷ് ബായ്‌രി എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിനുപിന്നിൽ. ഇവരുടെ പഠനം അന്താരാഷ്ട്ര ജേണലായ എഫ്എഎസ്ഇബിയിൽ പ്രസിദ്ധീകരിച്ചു.
ആൻഡ്രോഗ്രാഫോളൈഡ്, സ്റ്റിഗ്‌മാസ്റ്ററോൾ എന്നീ രണ്ട് സസ്യ തന്മാത്രകളെയാണ് ഇവരുടെ ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞത്. തുളസി, യൂക്കാലി, നിലവേന്പ് മുതലായ സസ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്.
നിപ വൈറസിന് അതിന്റെ ആർഎൻഎ പുനർനിർമാണത്തിന് ചിലതരം മാംസ്യങ്ങൾ ആവശ്യമാണ്. ഈ മാംസ്യങ്ങൾക്കെതിരേ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ് തന്മാത്രകൾ. ഇവ സംയോജിപ്പിച്ച് നാനോരൂപത്തിലാക്കിയപ്പോൾ അവയുടെ നിപവിരുദ്ധ ഫലപ്രാപ്തി പിന്നെയും വർധിക്കുമെന്നും പറയുന്നു.
ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴി, പ്രൊഫ. ജഗദീഷ് ബായ്‌രി നിപ നിയന്ത്രണത്തിന് നിലവിൽ ഉപയോഗിക്കുന്ന റെംഡെസിവിർ, റിബാവിറിൻ, ഫാവിപിരാവിർ തുടങ്ങിയ മരുന്നുകളേക്കാൾ ഫലപ്രാപ്തിയുണ്ടാകും ഈ സംയുക്തങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നിനെന്നാണ് നിഗമനം. സമാനസ്വഭാവമുള്ള തന്മാത്രകളെ കണ്ടെത്താനും ശ്രമം നടക്കുന്നു. ഇവയുടെ സംയുക്തങ്ങൾ ഉപയോഗിച്ചായിരിക്കും മരുന്ന് നിർമിക്കുക.
ഈ തന്മാത്രകൾ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇവ നിലവിൽ സിദ്ധ, ആയുർവേദ ചികിത്സകളിൽ ഉപയോഗിക്കുന്നുണ്ട്.നിപ നിയന്ത്രണത്തിന് സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ ചെലവുകുറഞ്ഞ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിപയ്ക്ക് കാരണമായ വൈറസുകളെ പഠനവിധേയമാക്കാനുള്ള ഉയർന്ന സുരക്ഷാ സൗകര്യങ്ങൾ ആവശ്യമില്ലാത്ത, നൂതനലാബ് പാലക്കാട് ഐഐടിയിൽ ഗവേഷകസംഘം വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. തിരിച്ചറിഞ്ഞ തന്മാത്രകളുടെ സാധ്യതകളുടെ മൂല്യനിർണയം ഇതിലൂടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.