തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ ആരോപണത്തിന് മറുപടിയുമായി ഡോ. ഹാരിസ് ചിറക്കൽ. റിപ്പയർ ചെയ്യാനായി അയച്ച് തിരികെ കൊണ്ടുവന്ന നെഫ്രോസ്കോപ്പ് ആണ് മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നതെന്നും റിപ്പയർ ചെയ്യാനുള്ള പണം ഇല്ലാത്തതിനാൽ ഉപകരണം തിരികെ ആവശ്യപ്പെടുകയായിരുന്നുവെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തിക്കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സുനിൽ കുമാറും പ്രിൻസിപ്പൽ പി.കെ. ജബ്ബാറും നടത്തി വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഡോ. ഹാരിസ് ചിറക്കലിന്റെ മറുപടി. മെഡിക്കൽ ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട വിശദീകരണക്കുറിപ്പിലാണ് ഹാരിസ് ഇക്കാര്യം പറയുന്നത്.
കേടായ നെഫ്രോസ്കോപ്പ് കൊച്ചിയിലേക്ക് റിപ്പയറിനായി അയച്ചിരുന്നു. അതാണ് തിരിച്ചെത്തിയത്. 10-15 വർഷം പഴക്കമുള്ള നെഫ്രോസ്കോപ്പുകൾ കണ്ടം ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിൽ നന്നാക്കിയെടുക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടിയാണ് എറണാകുളത്തെ കമ്പനിയിലേക്ക് അയച്ചത്. രണ്ട് മാസം മുമ്പാണ് ഇത് അയച്ചെതെന്നും അദ്ദേഹം വിശദീകരണത്തിൽ പറയുന്നു. ഇതായിരിക്കാം പരിശോധനയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താ സമ്മേളനം വിളിച്ചത്. കാണാതായി എന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ ഉപകരണം കണ്ടെത്തിയെന്നും എന്നാൽ ഇത് പുതിയതാണോ എന്ന് സംശയമുണ്ടെന്നും ഹാരിസ് ചിറക്കലിന്റെ മുറിയിൽനിന്ന് വലിയ ബോക്സും ബില്ലും അടക്കം ലഭിച്ചുവെന്നും വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
സൂപ്രണ്ടും പ്രിൻസിപ്പലും ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചിരുന്നു. അവധിയിലുള്ള ഹാരിസ് ചിറക്കലിന്റെ അടച്ചിട്ട മുറിയിൽ എങ്ങനെയാണ് പുതിയ ബോക്സ് എത്തിയതെന്നും സിസിടിവി പരിശോധിച്ചില്ലേ എന്നുമുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഇരുവർക്കും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു മറുപടി.
മെഡിക്കൽ കോളേജിലെ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ, തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമംനടക്കുന്നുവെന്ന് ഹാരിസ് ചിറക്കൽ പറഞ്ഞിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയെന്നും ഹാരിസ് ചിറക്കൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രിൻസിപ്പലും സൂപ്രണ്ടും ചേർന്ന് വീണ്ടും ഹാരിസ് ചിറക്കലിനെ സംശയമുനയിൽ നിർത്തിക്കൊണ്ട് വാർത്താ സമ്മേളനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.