ബെംഗളൂരു ;ധർമസ്ഥലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയതിനു തെളിവെന്നുപറഞ്ഞ് ഹാജരാക്കിയ തലയോട്ടി തനിക്കു കൈമാറിയവരെക്കുറിച്ച് അറസ്റ്റിലായ മുൻ ശുചീകരണത്തൊഴിലാളി സി.എൻ.ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നൽകിയതായി സൂചന.
തലയോട്ടി പുരുഷന്റേതാണെന്നും 40 വർഷം പഴക്കമുണ്ടെന്നും ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ തലയോട്ടിയാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്.ഇതിനിടെ ആക്‌ഷൻ കമ്മിറ്റി പ്രവർത്തകൻ മഹേഷ് ഷെട്ടി തിമ്മരോടിയുടെ ഉജിരെയിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പരിശോധന നടത്തി. ചിന്നയ്യയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.ഇയാൾ കഴിഞ്ഞ രണ്ടുമാസം മഹേഷ് ഷെട്ടിയുടെ വീട്ടിൽ താമസിച്ചതായാണ് സൂചന. നഷ്ടപ്പെട്ടുവെന്ന് ചിന്നയ്യ പറഞ്ഞ മൊബൈൽ ഫോൺ ഇവിടെനിന്ന് കണ്ടെത്തിയതായി വിവരമുണ്ട്. എസ്ഐടി ഉദ്യോഗസ്ഥൻ ജിതേന്ദ്രകുമാർ ദയാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. യുട്യൂബർ എം.ഡി.സമീറും മഹേഷ് ഷെട്ടിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മഹേഷ് ഷെട്ടിയുടെ സഹോദരൻ മോഹൻ ഷെട്ടിയുടെ വീട്ടിലും പരിശോധന നടന്നു. 2003ൽ മകളെ ധർമസ്ഥലയിൽ കാണാതായെന്നാരോപിച്ചതു കള്ളമാണെന്നും ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് അതു ചെയ്തതെന്നും വെളിപ്പെടുത്തിയ സുജാത ഭട്ട് എസ്ഐടി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി.എന്താണ് ധർമസ്ഥല കേസ്? ധർമസ്ഥലയിൽ കൊലപാതക പരമ്പരകൾ നടന്നെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമസ്ഥലയിൽ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കുവഴങ്ങി നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു. പിന്നാലേ, സുജാതഭട്ടും മകളെ കാണാനില്ലെന്ന ആരോപണവുമായി എത്തി. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ഇരുവരുടെയും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ചിന്നയ്യയുടെ വാദങ്ങൾ പൊളിച്ചത് മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടേതെന്ന പേരിൽ ചിന്നയ്യ ഒരു തലയോട്ടി പൊലീസിനു മുന്നിൽ ഹാജരാക്കിയിരുന്നു. ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത് വഴിത്തിരിവായി. അന്വേഷണ സംഘത്തിന് സംശയംതോന്നി. മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തി. പ്രശസ്തിക്കായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.ചോദ്യം ചെയ്യലിനിടെ, തലയോട്ടി മറ്റൊരിടത്തുനിന്ന് സംഘടിപ്പിച്ചതാണെന്ന് ഇയാൾ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങൾക്ക് എതിരായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റു ചെയ്തു. 1998–2014 ൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.