തിരുവനന്തപുരം; ഓണ്‍ലൈന്‍ മദ്യവില്പന സര്‍ക്കാരിന് ഹാനികരമാണെന്ന എക്സൈസ് മന്ത്രിയുടെ കര്‍ശന സ്റ്റാച്ച്യൂട്ടറി മുന്നറിയിപ്പോടെ ബവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരിയുടെ ശുപാര്‍ശ തല്ക്കാലം ‘ഡ്രൈ’ ആയി തന്നെ തുടരും.
തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ സാമുദായിക സംഘടനകളില്‍നിന്നുള്‍പ്പെടെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.മുന്‍പും പലവട്ടം ബവ്കോയുടെ ഭാഗത്തുനിന്ന് ശുപാര്‍ശകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം വിവാദം ഉയര്‍ന്നിരുന്നില്ല. മന്ത്രി നിലപാട് വ്യക്തമാക്കിയതിനു ശേഷവും ബവ്കോ എംഡി കാര്യകാരണസഹിതം വിശദീകരിച്ച് നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ഉണ്ടായത്. മന്ത്രിക്കു മുകളിലല്ല ഒരു ഉദ്യോഗസ്ഥനെന്നും എം.ബി.രാജേഷ് പ്രതികരിച്ചത് അസ്വാരസ്യങ്ങുടെ സൂചനയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഓണ്‍ലൈന്‍ മദ്യവില്പന സംബന്ധിച്ച് സര്‍ക്കാരിന്റെ അറിവില്ലാതെ ഹര്‍ഷിത അട്ടല്ലൂരിയെ പോലെ സീനിയറായ ഉദ്യോഗസ്ഥ പ്രസ്താവന നടത്തുമെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ഏതൊക്കെ കോണുകളില്‍നിന്ന് എതിര്‍പ്പുയരുമെന്ന് പരിശോധിച്ചുറപ്പിക്കാനുള്ള നീക്കമായും ഇതു വിലയിരുത്തെപ്പടുന്നുണ്ട്. മദ്യഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പറയുമ്പോഴും 9 വര്‍ഷത്തിനുള്ളില്‍ 818 ബാറുകളാണ് സംസ്ഥാനത്തു പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്. 2016 മാര്‍ച്ച് 31ന് 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
എന്നാല്‍ 2025 ജനുവരി 31ലെ കണക്കനുസരിച്ച് ബാറുകളുടെ എണ്ണം 847 ആയി. അതായത് പ്രതിവര്‍ഷം ശരാശരി 90 ബാറുകളാണ് ആരംഭിച്ചത്. 278 ബവ്കോ ഔട്ട്ലെറ്റുകള്‍ക്കു പുറമേയാണിത്. കോവിഡ് കാലം മുതല്‍ ഓണ്‍ലൈനായി മദ്യം വില്ക്കുന്നതു സംബന്ധിച്ച ബവ്കോ സര്‍ക്കാരിലേക്കു ശുപാര്‍ശ നല്‍കാറുണ്ട്. 2020ല്‍ ബവ്ക്യൂ ആപ്പ് ഇതിനായി സജ്ജമാക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ വില്പനയിലൂടെ ബവ്കോയ്ക്കു മികച്ച വരുമാനം ഉറപ്പാണെങ്കിലും ബാര്‍ വ്യവസായത്തെ അതു പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
2021ല്‍ യോഗേഷ് ഗുപ്ത ബവ്കോ എംഡി ആയിരുന്നപ്പോഴും ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. സ്വിഗ്ഗി പോലുള്ള കമ്പനികളുമായി ചേര്‍ന്ന് മദ്യം വീടുകളില്‍ എത്തിക്കുന്ന തരത്തിലായിരുന്നു ശുപര്‍ശ. എന്നാല്‍ അന്നും പല കോണുകളില്‍നിന്നുള്ള എതിര്‍പ്പു മൂലം സര്‍ക്കാര്‍ പിന്‍വാങ്ങി. എക്സൈസ് മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണന് യോഗേഷ് ഗുപ്തയുമായി സംസാരിച്ച് ബവ്കോയുടെ നീക്കത്തിനു തടയിടുകയായിരുന്നു.ബവ്കോ ഉദ്ദേശിക്കുന്നതു പോലെ മദ്യം വീടുകളില്‍ എത്തിക്കുന്നതിനു അബ്കാരി ചട്ടം ഭേദഗതി ചെയ്യുന്നതുള്‍പ്പെടെ നിരവധി കടമ്പകളാണ് കടക്കേണ്ടിവരുന്നത്. നിലവില്‍ സംസ്ഥാനത്ത് ഒരാള്‍ക്കു കൈവശം വയ്ക്കാന്‍ കഴിയുന്നതു മൂന്നു ലിറ്റര്‍ മദ്യമാണ്. ഓണ്‍ലൈന്‍ വില്പന സംബന്ധിച്ച് തീരുമാനമായാല്‍ വിതരണം ചെയ്യുന്ന ആള് അതില്‍ കൂടുതല്‍ മദ്യം എന്തായാലും കൈയില്‍ വയ്ക്കേണ്ടിവരും. ഇതിനുള്‍പ്പെടെ ചട്ടം ഭേദഗതി ചെയ്യേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
ബവ്കോ എംഡി വഴി അപേക്ഷ എക്സൈസ് കമ്മിഷണര്‍ക്കു നല്കി അത് എക്സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനം എടുക്കേണ്ടതായി വരും. ചട്ടം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ആക്കി ഗവര്‍ണര്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ പദ്ധതി നടപ്പാകുകയുള്ളു. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ തിടുക്കപ്പെട്ട് ഇത്തരം നടപടികള്‍ ഒന്നും സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നതോടെ മദ്യവില്പന ഓഫ്ലൈനായി തന്നെ തുടരും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.