കണ്ണൂർ : യുവാവ് ഭർതൃമതിയായ യുവതിയെ തീകൊളുത്തി കൊന്നതിന്റെ ഞെട്ടലിൽ ഉരുവച്ചാൽ. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ഇന്ന് പുലർച്ചെ മരിച്ചത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയെ തീ കൊളുത്തിയത്.
ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ ജിജേഷ് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാത്തയാളാണെന്ന് നാട്ടുകാർ പറയുന്നു. മാന്യമായി ജീവിക്കുന്ന ജിജേഷ് ഇങ്ങനെ ചെയ്തുവെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. ക്ഷേത്രത്തിലെ ജോലിക്ക് മുൻപ് ഏറെക്കാലം തെങ്ങ് ചെത്തുതൊഴിലാളിയായിരുന്നു.
ജിജേഷിന്റെ വീട് കുട്ടാവിലും പ്രവീണയുടെ സ്വന്തം വീട് രണ്ടു കിലോമീറ്റർ അകലെ പെരുവളത്തുപറമ്പിലുമായിരുന്നു. ഇവർ തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നതായി നാട്ടുകാർക്കോ വീട്ടുകാർക്കോ അറിവില്ല. ഇവർ ഒരേ സ്കൂളിൽ പഠിച്ചിരുന്നു. അതേസമയം, ജിജേഷുമായുള്ള ബന്ധം പ്രവീണ അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് തീ കൊളുത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ജിജേഷ് അവിവാഹിതനാണ്. പ്രവീണയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ജിജേഷ് എത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറി.
വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയെ, കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിരുന്നു. ഈ സമയം അജീഷിന്റെ അച്ഛനും വീട്ടിലുണ്ടായിരുന്നു. ജിജേഷിന്റെ അരയ്ക്ക് താഴെയാണ് പൊള്ളലേറ്റത്. ജിജേഷിനെതിരെ ഇന്നലെ പൊലീസ് വധശ്രമത്തിനു കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.