തിരുവനന്തപുരം : ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ ആരോപണം ഉന്നയിച്ചതില്‍ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ജയന് ആരോപിച്ചു.
കോൺഗ്രസ് അംഗമാണ് ശ്രീജ. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്ക്കെതിരെ പരാമർശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
‘ ഇന്നലെ രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു പറഞ്ഞു. കുഴപ്പമില്ല, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സിപിഎമ്മുകാര്‍ക്ക് ആര്‍ക്കും പണം കൊടുക്കാനില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തുനിന്നാണ് ശ്രീജ പണം കടം വാങ്ങിയത്. എന്നിട്ടും മോശമായ രീതിയിലാണ് അവര്‍ സംസാരിച്ചത്. നാടു മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഇന്നലെ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഇതിലെല്ലാം ശ്രീജയ്ക്ക് വലിയ മനോവിഷമം ഉണ്ടായിരുന്നു’– ഭര്‍ത്താവ് ജയൻ പറഞ്ഞു.
ശ്രീജയുടേത് ആത്മഹത്യ അല്ലെന്നും സിപിഎം നടത്തിയ കൊലപാതകമാണെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍നിന്നാണ് ശ്രീജ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അവരെ വ്യക്തിപരമായി ആക്രമിക്കുക എന്നതായിരുന്നു കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിന്റെ പരിപാടി. സാമ്പത്തിക ബാധ്യതയുടെ പേരില്‍ സിപിഎം അവരെ വേട്ടയാടി.
എംഎല്‍എ ജി.സ്റ്റീഫന്റെ നിര്‍ദേശാനുസരണമാണ് സിപിഎം നേതാക്കന്മാര് കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രീജയ്ക്കെതിരെ എല്ലായിടത്തും പോസ്റ്റര്‍ പതിപ്പിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. സിപിഎം കഴിഞ്ഞ ദിവസം ശ്രീജയ്ക്കെതിരെ പൊതുയോഗം സംഘടിപ്പിച്ചിരുന്നെന്നും, ഒരു സിപിഎം അനുഭാവിയുടെയും കയില്‍നിന്നും കാലണ പോലും ശ്രീജ കടം വാങ്ങിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കടം വാങ്ങിയ പണം 30നുള്ളില്‍ തിരിച്ചുകൊടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
പ്രശ്നം അവസാനിക്കുമെന്ന് കണ്ടപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശ്രീജയ്ക്കെതിരെ വലിയ അധിക്ഷേപ നീക്കം നടത്തുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രതീഷ് പറഞ്ഞു. ശ്രീജയ്ക്കെതിരെ 'കുറുവാ സംഘം' എന്നെഴുതിയ പോസ്റ്റര്‍ പതിച്ചു. ഇന്നലെ ആര്യനാട് വലിയ പ്രതിഷേധ യോഗം വിളിച്ചു ചേര്‍ത്ത് ശ്രീജയെ അധിക്ഷേപിച്ചു. കടം നല്കിയവര് പണം വാങ്ങി പ്രശ്നം അവസാനിപ്പിക്കാന്‍ തയാറായിരുന്നു. എന്നാല്‍ സിപിഎം പ്രശ്നം വഷളാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഒരാളില്‍നിന്ന് പരാതി എഴുതി വാങ്ങി രാഷ്ട്രീയ പരിപാടിയായി മാറ്റുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതെന്നും രതീഷ് പറഞ്ഞു.
അതേസമയം, ശ്രീജയ്ക്കെതിരെ പരാതി ലഭിച്ചുവെന്നും പഞ്ചായത്തു കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും പഞ്ചായത്തു പ്രസിഡന്റ് വിജു മോഹന്‍ പറഞ്ഞു. ശ്രീജ പണം വാങ്ങിയതില്‍ ദുരൂഹത ഉണ്ടെന്ന സംശയത്തിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് എതിരെ പൊതുയോഗം സംഘടിപ്പിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.