ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം. തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നുള്ള മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ ഉത്തരവ്.
പേവിഷബാധയുള്ളതും അക്രമകാരികളുമായ നായകളെ അഭയകേന്ദ്രങ്ങളില്‍ തന്നെ താമസിപ്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. തെരുവുനായകള്‍ക്ക് പൊതുവിടങ്ങളില്‍ ഭക്ഷണം നല്‍കുന്നത് അനുവദനീയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കണമെന്ന് അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് നെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മുന്‍ഉത്തരവ് പുനഃപരിശോധിച്ചത്. വിഷയം വിപുലീകരിക്കുകയും ദേശീയനയം രൂപവത് കരിക്കുന്നതിനായി സമാനവിഷയങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
എത്രയുംവേഗം നായകളെ നഗരത്തിനു പുറത്തേക്ക് നീക്കണമെന്ന ഉത്തരവിനെതിരേ വ്യാപകമായ പ്രതിഷേധം ഉണ്ടായപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് വിഷയം മൂന്നംഗ ബെഞ്ചിനുവിട്ടത്. ഓഗസ്റ്റ് 11-ലെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ 14-നാണ് മൂന്നംഗ ബെഞ്ച് വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റിയത്.
ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനു പുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനായിരുന്നു കോടതി നേരത്തെ നൽകിയ നിർദേശം. ഇതിനായി എത്രയും വേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളെ പാർപ്പിക്കാൻ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങൾ തുടങ്ങണം. മൃഗസ്നേഹികളെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സം നിന്നാൽ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകി.
ഡൽഹിയിൽ ജനനനിയന്ത്രണ കേന്ദ്രങ്ങൾ ഉള്ളതാണെന്നും അവ പ്രവർത്തനസജ്ജമാക്കിയാൽ മതിയെന്നും മൃഗസ്നേഹികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികൾക്ക് ജീവിതം തിരിച്ചുനൽകാൻ ഈ മൃഗസ്നേഹികൾക്കും സന്നദ്ധപ്രവർത്തകർക്കും സാധിക്കുമോ? കുറച്ചുപേർ തങ്ങൾ മൃഗസ്നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരിൽമാത്രം കുഞ്ഞുങ്ങളെ ബലി കൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. ഡൽഹിയിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാർത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു സുപ്രധാന ഉത്തരവ്.
ഡൽഹിയിലെ വിഷയമാണെങ്കിലും തെരുവുനായശല്യത്തിലെ സുപ്രീം കോടതി ഇടപെടൽ മറ്റിടങ്ങളിലും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുന്നതാണ്. പൊതുതാത്‌പര്യം മുൻനിർത്തിയാണ് ഉത്തരവെന്നും തങ്ങൾക്കിതിൽ താത്‌പര്യങ്ങളില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.