ഗാസ: ഗാസ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ഇന്നലെ യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു അക്രമങ്ങള്‍.
ഗാസ സിറ്റിയുടെ വടക്കേ അറ്റത്തെ നഗരമായ എബാദ് അല്‍റഹ്മാനിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ പ്രവേശിക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. 'എല്ലാം പെട്ടെന്നായിരുന്നു. എബാദ് എല്‍റഹ്മാനിലേക്ക് ടാങ്കുകള്‍ വരുന്നുവെന്ന വാര്‍ത്ത കേട്ടു.
സ്ഫോടനത്തിന്റെ ശബ്ദം കൂടി വന്നു. ഞങ്ങളുടെ പ്രദേശത്തേക്ക് ആളുകള്‍ വരുന്നത് ഞാന്‍ കണ്ടു', ആക്രമണം കണ്ട സാദ് അബെദ് പറഞ്ഞു. യുദ്ധത്തില്‍ സന്ധിയിലെത്തിയില്ലെങ്കില്‍ തങ്ങളുടെ വീടിന് മുന്നില്‍ ടാങ്കുകളുണ്ടാകുമെന്ന് സാദ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
ഹമാസിന്റെ അവസാന കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഗാസ സിറ്റിയില്‍ പുതിയ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. ഗാസ എന്‍ക്ലേവിലെ 20 ലക്ഷം വരുന്ന ജനങ്ങളില്‍ പകുതിപ്പേരും താമസിക്കുന്നത് ഗാസ സിറ്റിയിലാണ്. എന്നാല്‍ ഇവരോട് ഗാസ സിറ്റി വിട്ട് പോകാനാണ് ഇസ്രയേല്‍ നിര്‍ദ്ദേശിക്കുന്നത്. പടിഞ്ഞാറന്‍ ഗാസയിലെ ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ തലവന്‍ മഹ്മൂദ് അല്‍ അസ്വാദിനെ ഓഗസ്റ്റ് 22ന് കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍ ഹമാസ് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ ആയിരക്കണക്കിന് പേര് ഇവിടെ നിന്ന് കുടിയിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഗാസ സിറ്റി വിട്ട് തെക്കന്‍ ഭാഗത്തേക്ക് പോകുന്നത് വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്കാത്തതിനാല് ഗാസ സിറ്റിയില്‍ നിന്ന് പോകില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഗാസ സിറ്റി ഒഴിപ്പിക്കുന്നത് അനിവാര്യമാണെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അറബിക് വക്താവ് അവിചയ് അദ്രയേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഷെജയ, സെയ്ത്തൂണ്‍, സാബ്ര പ്രദേശങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നാല് വയസുകാരിയടക്കം 20 പേര് കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഗാസയില്‍ 62,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ 10 പേര് പട്ടിണി മൂലം മാത്രം കൊല്ലപ്പെട്ടു. ഇതോടെ 313 പേരാണ് ഗാസയില്‍ പട്ടിണി മൂലം മരിച്ചത്. ഇതില്‍ 119 പേരും കുട്ടികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.