ഹൈദരാബാദ്: ക്ഷേത്രദർശനത്തിനിടെയുണ്ടായ തർക്കത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിൻ്റെ മുഖത്തടിച്ച് മന്ത്രിസഹോദരൻ. ആന്ധ്രാപ്രദേശ് റോഡ്‌സ് ആൻഡ് ബിൽഡിങ്‌സ് വകുപ്പ് മന്ത്രിയായ ജനാർദ്ദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസിന്റെ മുഖത്തടിച്ചത്. നന്ദ്യാൽ ജില്ലയിലെ കൊലിമിഗുണ്ട്ല പ്രദേശത്തെ ക്ഷേത്രത്തിലായിരുന്നു സംഭവം.
ജസ്വന്ത് എന്ന കോൺസ്റ്റബിളിനെയാണ് മന്ത്രിയുടെ സഹോദരൻ മദൻ ഭൂപാൽ റെഡ്ഡി തല്ലിയത്. ക്ഷേത്രത്തിനുള്ളിലെ നിരോധിത മേഖലയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്‌വാദത്തിലേർപ്പെടുകയും തുടർന്ന് മദൻ ഭൂപാൽ റെഡ്ഡി കോൺസ്റ്റബിളിനെ തല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
വ്യാപക വിമർശനമാണ് മന്ത്രിസഹോദരനെതിരെ ഉയരുന്നത്. വീഡിയോ പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ഒരു ആയുധമാക്കി എടുത്തിട്ടുണ്ട്. ടിഡിപി നേതാക്കളും കുടുംബവും അഹങ്കാരം കാണിക്കുകയാണെന്നും നിയമത്തിന് പുല്ലുവിലയാണ് അവർ നൽകുന്നതെന്നും വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.
അധികാരം കയ്യാളുന്നവരുടെ വേണ്ടപ്പെട്ടവർ പോലും നിയമത്തെ അവഗണിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിൽ മദൻ ഭൂപാൽ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജനാർദ്ദൻ റെഡ്ഡിയും വിഷയത്തിൽ പരസ്യമായി മാപ്പ് ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.