എടപ്പാൾ: പതിറ്റാണ്ടിലേറെയായി എടപ്പാൾ പഞ്ചായത്തിലെ മുന്നൂറോളം കിടപ്പുരോഗികൾക്ക് മരുന്നും ഹോം കെയർ ശുശ്രൂഷകളുമടക്കം സാന്ത്വന പരിചരണം നൽകി മാതൃകയായിട്ടുള്ള ദയ പാലിയേറ്റീവ് കെയർ, നടുവട്ടം ഗെറ്റ് വെൽ ആശുപത്രിയുടെ സഹകരണത്തോടെ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് 10-ന് ഞായറാഴ്ച പൂക്കരത്തറയിലെ ദാറുൽ ഹിദായ സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീളുന്ന ക്യാമ്പിൽ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, നേത്രരോഗം, ദന്തൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാകും. ആവശ്യമായ GRBS, BMD, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ അനുബന്ധ പരിശോധനകളും ക്യാമ്പിൽ സൗജന്യമായി നടത്തപ്പെടും.
ദയയുടെ സാന്ത്വന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പ്രവാസി സംഗമവും ക്യാമ്പിനോടനുബന്ധിച്ച് നടക്കും. കൂടാതെ, രക്തദാതാക്കൾക്കായി ഒരു രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.
നാട്ടിലെ പ്രമുഖ കലാസാംസ്കാരിക സന്നദ്ധ സംഘടനകളായ റണ്ണേഴ്‌സ് ക്ലബ്ബ് പൂക്കരത്തറ, കാസ്ക് കോലൊളമ്പ്, യുവധാര കോലൊളമ്പ്, ഗ്രാമം കൂട്ടായ്മ വെങ്ങിണിക്കര എന്നിവരോടൊപ്പം, ദാറുൽ ഹിദായ സ്കൂളിലെ JRC, NSS, സ്കൗട്ട്സ് & ഗൈഡ്സ് വളണ്ടിയർമാരും ഈ ഉദ്യമത്തിൽ സജീവമായി സഹകരിക്കുന്നുണ്ട്.
മുന്നൂറോളം നാട്ടുകാർക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുമെന്ന് സംഘാടകർ പ്രത്യാശിക്കുന്നു. സുമനസ്സുകളായ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടക സമിതിക്ക് വേണ്ടി ദയ പാലിയേറ്റീവ് കെയർ, എടപ്പാൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ദയയുടെ പ്രസിഡന്റ് ഹിബ്സുറഹ്മാൻ, സെക്രട്ടറി സെയ്ദ് മുഹമ്മദ്, ഓർഗനൈസിംഗ് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ പ്രേമദാസ്, കൺവീനർ ജലീൽ, ജയരാജൻ, ഗോപാലകൃഷ്ണൻ, ഷഹനാസ്, കമ്മുകുട്ടി, അബൂബക്കർ വി., രാജൻ കുട്ടത്ത്, ഫൗസിയ, യമുനാ ദേവി, സജിനി സിസ്റ്റർ, ഫൈസൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.