ധര്‍മസ്ഥല: കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസ് സങ്കീര്‍ണമാകുന്നു. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു.
കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു.
"ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം."- ഇവര്‍ പറഞ്ഞു.
സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദരന് പറഞ്ഞു. അവര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അത്യപൂര്‍വ്വമായി ഞങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
തന്റെ മകള്‍ അനന്യ ഭട്ട് മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷന് രേഖകള്‍ നിലവിലില്ലെന്ന് എസ്ഐടി കണ്ടെത്തി. പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവര്‍ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച് സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗയ്ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവര്‍ ബെംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ബിഇഎല്‍ ജീവനക്കാരനായിരുന്ന രംഗപ്രസാദ്, ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു.
രംഗപ്രസാദിന്റെ മകന് ശ്രീവത്സയും മരുമകള്‍ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടില്‍ വരികയായിരുന്നു. പിന്നീട് അവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മകന് ശ്രീവത്സനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍ത്താവ് ശ്രീവത്സയില്‍നിന്ന് വേര്‍പിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വാസന്തി 2007-ല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇത് അവരുടെ കുടുംബ സ്വത്തിന്മേല് നിയന്ത്രണം ഉറപ്പിക്കാന്‍ സുജാതയെ സഹായിച്ചു. ഒടുവില്‍ സുജാത ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി, അതേസമയം രംഗപ്രസാദിന് വീടില്ലായിരുന്നു. ശ്രീവത്സ 2015 ല്‍ മരിച്ചു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ രംഗപ്രസാദ് ഈ വര്‍ഷം ജനുവരി 12-ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.