ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് വിരമിച്ച ജഡ്ജിമാര്‍.
ഇടതുപക്ഷ തീവ്രവാദത്തെയും മാവോവാദത്തെയും പിന്തുണച്ചുകൊണ്ട് സാല്വാ ജുദും വിധി പുറപ്പെടുവിച്ച വ്യക്തിയാണ് പ്രതിപക്ഷ (കോണ്‍ഗ്രസ്) ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സുദര്ശന് റെഡ്ഡിയെന്നായിരുന്നു ഷായുടെ പരാമര്‍ശം. ഇതിനെതിരേ വിവിധ കോടതികളില്‍നിന്ന് വിരമിച്ച 18 ജഡ്ജിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.
സാല്വാ ജുദും വിധിന്യായത്തെ തെറ്റായി വ്യാഖ്യാനിച്ച് പൊതുപ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമാണ്. വിധിന്യായത്തില്‍ ഒരിടത്തും മാവോവാദത്തെയോ അതിന്റെ ആശയങ്ങളെയോ പിന്തുണയ്ക്കുന്നില്ല. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആശയപരമായിരിക്കണം. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ ആശയത്തെ വിമര്‍ശിക്കുന്നത് ഉപേക്ഷിക്കണം.
സുപ്രീംകോടതിയുടെ ഒരു വിധിന്യായത്തെ ഉന്നത ഭരണനേതൃത്വം മുന്‍ധാരണയോടെ തെറ്റായി വ്യാഖ്യാനിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഉലയ്ക്കും. ഉപരാഷ്ട്രപതി സ്ഥാനത്തോടുള്ള ആദരം നിലനിര്‍ത്തിക്കൊണ്ട് പേര് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍കണമെന്നും ജഡ്ജിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രീംകോടതിയിലെ മുന്‍ ജസ്റ്റിസുമാരായിരുന്ന കുര്യന് ജോസഫ്, മദന്‍ ബി. ലോകുര്‍, ജെ. ചെലമേശ്വര്‍, എ.കെ. പട്നായിക്, അഭയ് ഓക, ഗോപാല ഗൗഡ, വിക്രംജിത് സെന്‍ എന്നിവരും വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന ഗോവിന്ദ് മാഥൂര്‍, എസ്. മുരളീധര്‍, സഞ്ജീവ് ബാനര്‍ജി എന്നിവരും വിവിധ കോടതികളിലെ ജഡ്ജിമാരും അഭിഭാഷകരുമാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.