തിരുവനന്തപുരം : അനര്‍ട്ടിന്റെ സിഇഒ സ്ഥാനത്തുനിന്ന് നരേന്ദ്രനാഥ് വെല്ലൂരിയെ നീക്കം ചെയ്തതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല എന്നും അനര്‍ട്ടില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രമേശ് ചെന്നിത്തല. നൂറുകണക്കിനു കോടി രൂപയുടെ അഴിമതിയാണ് അനര്‍ട്ടില്‍ നടന്നത്. ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് ഈ അഴിമതി ഇല്ലാതാകുന്നില്ല. ഇത് വിശദമായി അന്വേഷിക്കണം.
ആരോപണ വിധേയനായ വേലൂരിയെ കാലങ്ങളായി രണ്ടു മന്ത്രിമാരും ഭരണത്തിലെ ഉന്നതരം ചേര്‍ന്ന് സംരക്ഷിച്ചുവരികയാണ്. ഈ ഉദ്യോഗസ്ഥന് വനം വകുപ്പിലായിരിക്കെ നടത്തിയ പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2022ല്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ചരിത്രത്തിലില്ലാത്ത വണ്ണം ആ ഫയല്‍ 188 തവണയാണ് മന്ത്രിയും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേശകളില്‍ മാറിമാറി സഞ്ചരിച്ചത്.
അന്നു വനം വകുപ്പിന്റെയും ഊര്‍ജവകുപ്പിന്റെ സെക്രട്ടറിയായിരുന്ന ജ്യോതിലാല്‍ ഈ ഫയല്‍ പലവട്ടം കണ്ടതാണ്. വനംമന്ത്രി ശശീന്ദ്രന്റെ അടുത്തും എത്തിയതായി ഇതു സംബന്ധിച്ച് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, അനര്‍ട്ട്, ഹൈഡല്‍ ടൂറിസം പോലുള്ള പ്രധാനപ്പെട്ട പദ്ധതികളുടെ തലപ്പത്ത് നിയമിതനാവുകയാണ് ചെയ്തത്.
വനംവകുപ്പിന്റെ നടപടി നേരിടുന്നതിനിടെ ജ്യോതിലാല്‍ തന്നെ സെക്രട്ടറിയായിരുന്ന ഊര്‍ജവകുപ്പിന്റെ ഉന്നതസ്ഥാനത്ത് വേലൂരി എത്തിയത് എങ്ങനെ എന്നതും അന്വേഷണവിധേയമാക്കേണ്ടതാണ്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തനായി മാറിയ വേലൂരിക്കെതിരെ അനര്‍ട്ടില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ ഇതുവരെ വൈദ്യുതി വകുപ്പ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. മന്ത്രിയുടെ അടുത്ത ബന്ധു സെക്രട്ടറിയായിരിക്കുന്ന പൊതുഭരണവകുപ്പിലാണ് ഈ അച്ചടക്കനടപടി ശുപാര്‍ശയുടെ ഫയല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടന്നു കറങ്ങുന്നത്.
നിലവില്‍ മൂന്നു വര്‍ഷം കൊണ്ട് 188 ഫയല്‍നീക്കം നടക്കുകയും മന്ത്രിയടക്കമുള്ളവര്‍ തീരുമാനമെടുക്കാതെ മാറ്റിവിടുകയും ചെയ്ത ഈ അച്ചടക്കനടപടിയുടെ വിശദാംശങ്ങള്‍ ചോദിച്ച വിവരാവകാശ രേഖയ്ക്ക് സ്വകാര്യതാ വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മറുപടി നല്കാന് വിസമ്മതിക്കുകയും ചെയ്തു. സര്‍ക്കാര്‍ സംരക്ഷണം അവസാനിപ്പിച്ച് നരേന്ദ്രനാഥ് വെല്ലൂരിക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം. അഴിമതികളെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തണം. മന്ത്രിമാരുടെ പങ്കിനെക്കുറിച്ച് നിയമസഭാസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.