ലണ്ടൻ :ബ്രിട്ടനിൽ വിമാനയാത്രകളെ നിയന്ത്രിക്കുന്ന നാഷനൽ എയർ ട്രാഫിക് സർവീസ് സംവിധാനങ്ങൾ (NATS) തകരാറിലായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്വർക്കിങ് സംവിധാനം അപ്രതീക്ഷിതമായി പണിമുടക്കിയത്. രാത്രി ഏഴര വരെ ലണ്ടനിലെയും രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങൾ ഇതുമൂലം റദ്ദാക്കി.
വിമാനങ്ങൾ അവസാന നിമിഷം മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു. വിമാനക്കമ്പനികളും ആയിരക്കണക്കിന് യാത്രക്കാരും ആശങ്കയുടെ മുൾമുനയിലായ മണിക്കൂറുകളാണ് ഇന്നലെ വൈകിട്ട് കടന്നുപോയത്. പ്രശ്നം പരിഹരിച്ചതായി രാത്രി എട്ടരയോടെ എയർ ട്രാഫിക് സർവീസ് അറിയിച്ചു. എന്നാൽ പെട്ടെന്നുണ്ടായ പ്രതിസന്ധിയുടെ ആഘാതം പരിഹരിക്കാനായിട്ടില്ല.
വിവിധ വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 122 വിമാനസർവീസുകളാണ് രണ്ടു മണുക്കൂറിനുള്ളിൽ റദ്ദാക്കിയത്. അൻപതിലേറെ വിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. ഹീത്രോവിൽ മാത്രം 24 വിമാനങ്ങളാണ് റദ്ദാക്കിയത്.
14 വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല. യുകെയുടെ വ്യോമപാതയിലെ യാത്രാ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രമാണ് നാഷനൽ എയർ ട്രാഫിക് സർവീസ്. 2.5 മില്യൻ വിമാനസർവീസുകളും 250 മില്യൻ യാത്രക്കാരെയുമാണ് ഒരു വർഷം എയർ ട്രാഫിക് സർവീസ് സംവിധാനം നിയന്ത്രിക്കുന്നത്. ഇതാദ്യമായല്ല നാറ്റ്സിൽ പ്രതിസന്ധിയുണ്ടാകുന്നത്. രണ്ടുവർഷം മുൻപുണ്ടായ സമാനമായ സാഹചര്യത്തിൽ രണ്ടായിരത്തിലേറെ വിമാനസർവീസുകളാണ് റദ്ദാക്കപ്പെട്ടത്.
ഹീത്രോ, ഗാട്ട്വിക്, ലണ്ടൻ സിറ്റി, സ്റ്റാൻസ്റ്റഡ്, ലുട്ടൻ എന്നീ ലണ്ടൻ എയർപോർട്ടുകളിലെയും കാഡിഫ്. ലിവർപൂൾ. അബർഡീൻ, ഗ്ലാസ്കോ, സൗത്താംപ്റ്റൺ, ബ്രിസ്റ്റോൾ, ന്യൂകാസിൽ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങി രാജ്യത്തെ ഒട്ടു മിക്ക വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെ പ്രതിസന്ധി ബാധിച്ചു. പ്രശ്നം പരിഹരിക്കാനായെങ്കിലും ഇതുമൂലമുണ്ടായ താളപ്പിഴയും ദുരിതവും പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.