തിരുവനന്തപുരം : സമീപകാലത്തു കോൺഗ്രസിൽ മറ്റാർക്കുമുണ്ടാകാത്ത പതനമാണു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. ഉയർച്ചയുടെ വേഗം കൂടിയപ്പോൾ പതനത്തിന്റെ ആഴവും കൂടി. സാങ്കേതികത്വം പറഞ്ഞ് എംഎൽഎയായി തുടരുന്നുണ്ടെങ്കിലും സസ്പെൻഷൻ നേരിട്ടതോടെ പാർട്ടിയുടെ സംരക്ഷണമില്ലാത്ത എംഎൽഎയായി രാഹുൽ മാറും.
കെഎസ്‍യു പ്രവർത്തനം തുടങ്ങി 17–ാം വർഷമാണു രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായത്. സംസ്ഥാനത്തെ പാർട്ടിയാകെ പ്രചാരണരംഗത്തിറങ്ങി എംഎൽഎയാക്കി. 2006 ൽ കെഎസ്‍യുവിൽ അംഗമായ രാഹുൽ ആദ്യം ഐ ഗ്രൂപ്പിലായിരുന്നു. പത്തനംതിട്ടയിലെ സംഘടനാ തർക്കങ്ങളുടെ പേരിൽ എ ഗ്രൂപ്പിലെത്തി.
2011 ൽ ഒറ്റദിവസത്തേക്കു കെഎസ്‍യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായെങ്കിലും ആ പുനഃസംഘടന അന്നു തന്നെ മരവിപ്പിച്ചതിനാൽ ചുമതലയേൽക്കാനായില്ല. ഈ ഘട്ടത്തിലാണു ഷാഫി പറമ്പിലുമായി അടുക്കുന്നത്. 2020 ൽ ഷാഫിയുടെ കമ്മിറ്റിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. പിന്നാലെ സംസ്ഥാന പ്രസിഡന്റ്, കെപിസിസി അംഗം. ചാനൽ ചർച്ചകളിലൂടെയാണു രാഹുൽ സുപരിചിതനായത്. ഇത്തരം ചർച്ചകളിൽ പതിവുള്ള ബഹളത്തിനു നിൽക്കാതെ, മികവോടെ കാര്യങ്ങളവതരിപ്പിക്കുന്ന രാഹുലിന്റെ വാക്ചാതുരിക്ക് ആരാധകരെ ലഭിച്ചു.
മുതിർന്ന നേതാക്കൾക്കു കഴിയാത്തിടത്തു പറഞ്ഞു ജയിക്കാൻ രാഹുലിനു കഴിഞ്ഞതോടെ അവർക്കും അംഗീകരിക്കേണ്ടിവന്നു. ബിജെപിയിലെത്തിയതിന്റെ പേരിൽ പത്മജ വേണുഗോപാലിനെ രാഷ്ട്രീയ പിതൃത്വം പരാമർശിച്ചു പരിഹസിച്ചതു വിവാദമായി. യൂത്ത് കോൺഗ്രസ് ജനങ്ങൾക്കിടയിലേക്കിറങ്ങണമെന്ന് ഉപദേശിച്ച പി.ജെ.കുര്യനെതിരെയുള്ള പരാമർശവും വിവാദമായി. പ്രതിപക്ഷ നേതാവിന്റെ വിലക്കു മറികടന്നു പി.വി.അൻവറിന്റെ വീട്ടിലേക്ക് അർധരാത്രിയിൽ അനുരഞ്ജനവുമായെത്തിയതും ചർച്ചകളിൽ വന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോൾ വ്യാജ വോട്ടു ചേർത്തു ജയിച്ചെന്ന പ്രചാരണവും അന്വേഷണവുമുണ്ടായി.
കേസ് ആവിയായതോടെ വീണ്ടും കരുത്തനായി. ഷാഫി പറമ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോൾ പകരക്കാരൻ എന്ന നിലയ്ക്കു ഷാഫി തന്നെ രാഹുലിനെ ഉയർത്തിക്കാട്ടി. കുരുക്കായത് ശബ്ദസന്ദേശം ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഒരിടത്തും ഒൗദ്യോഗിക പരാതിയില്ല. ഇരകളാക്കപ്പെട്ടവർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമില്ല. ഇതു ചൂണ്ടിക്കാട്ടിയാണു താൻ നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്ന നിലപാട് രാഹുൽ ആവർത്തിക്കുന്നത്. എന്നാൽ, രാഹുലിന്റേതെന്ന നിലയിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗർഭഛിദ്രത്തിനു നിർബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്.
ഇതിന്റെ ഗൗരവം ഉൾക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിൽ രാഹുലിനെ കേന്ദ്രീകരിച്ച് ഏതാനും നാളുകളായി വ്യക്തിപരമായ ആക്ഷേപങ്ങൾ സജീവമായിരുന്നെങ്കിലും ദുരനുഭവമുണ്ടായെന്ന് യുവനടി റിനി ആൻ ജോർജ് കഴിഞ്ഞയാഴ്ച നടത്തിയ വെളിപ്പെടുത്തലാണ് അദ്ദേഹത്തിനു മേൽ കുരുക്കുമുറുക്കിയത്. രാഹുലിന്റെ പേരു പറയാതെയായിരുന്നു റിനിയുടെ ആരോപണം.
പിന്നാലെ, മറ്റൊരു യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. രാഹുൽ തനിക്കു മോശം സന്ദേശങ്ങളയച്ചെന്ന ആരോപണവുമായി ട്രാൻസ്ജെൻഡർ അവന്തിക മാധ്യമങ്ങൾക്കു മുന്നിലെത്തി. യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന രണ്ടാമത്തെ ശബ്ദസന്ദേശം ശനിയാഴ്ച ഉച്ചയ്ക്കു വന്നതിനു പിന്നാലെ രാഹുലിനെതിരെ കർശന നടപടി വേണമെന്നും രാജിവയ്ക്കണമെന്നും കോൺഗ്രസിനുള്ളിൽനിന്നു തന്നെ മുറവിളി ഉയർന്നു.
രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിയോട് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർബന്ധിത ഗർഭഛിദ്രത്തിനു സമ്മർദം ചെലുത്തിയ രാഹുൽ, ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിച്ചെന്നു കാട്ടി എറണാകുളം സ്വദേശി ഷിന്റോ സെബാസ്റ്റ്യൻ നൽകിയ പരാതിയാണു കമ്മിഷൻ ഡിജിപിക്കു കൈമാറിയത്.
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണു നിർദേശം. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷനിലെ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. മാധ്യമങ്ങളെ കാണുമെന്ന് അറിയിപ്പ്; പിന്നീട് പിന്മാറി; രാഹുൽ പ്രതികരിക്കാതിരുന്നത് പാർട്ടി നിർദേശത്തെ തുടർന്ന് അടൂർ ∙ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തെന്ന വിവരം ലഭിച്ചതിനു പിന്നാലെ മുണ്ടപ്പള്ളിയിലെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ല.
മാധ്യമങ്ങളെ കാണുമെന്നു 2 തവണ പറഞ്ഞെങ്കിലും പിന്നീടത് ഒഴിവാക്കി. പാർട്ടി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണെന്നു കരുതുന്നു. ഇന്നലെ ഉച്ചയ്ക്കു 12നു കാണുമെന്നാണു ആദ്യം പറഞ്ഞിരുന്നത്. പിന്നാലെ അതു 3.30ലേക്കു മാറ്റി. എന്നാൽ 4നു വീടിനു പുറത്തേക്കു വന്ന രാഹുൽ, കാത്തുനിന്ന മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം അകത്തേക്കു പോയി. കഴിഞ്ഞ ദിവസങ്ങളെക്കാൾ ഒട്ടേറെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ കാണാൻ എത്തി.
കൂടുതലായി ഒന്നും പറയാനില്ല: ഷാഫി കോഴിക്കോട് ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞതിനെക്കാൾ കൂടുതലായി ഒന്നും പറയാനില്ലെന്ന് ഷാഫി പറമ്പിൽ. ‘ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്. അത് കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും നേതാവിനും ബാധകമാണ്. ഈ വിഷയത്തിലെ നിലപാടു കൃത്യമായി അദ്ദേഹം വിശദീകരിച്ചതാണ്. അതിൽ കൂടുതലായി ഒന്നും പറയേണ്ടതില്ല’– ഷാഫി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.