കോഴിക്കോട് : പി.കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം ലീഗ് എന്ന പാർട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മാറിയതായും ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയ നേതാക്കളുണ്ടായിരുന്ന പാർട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമാണെന്നും കെ.ടി. ജലീൽ മലപ്പുറത്ത് ആരോപിച്ചു.
പി.കെ. ഫിറോസിന്റെ സഹോദരൻ എത്രയോ നാളായി രാസലഹരി ഉപയോഗിക്കുന്നു. ഇതറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഫിറോസ് പോലീസിലോ എക്സൈസിലോ പരാതിപ്പെട്ടില്ല നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ല. അദ്ദേഹം അത് ചൂണ്ടിക്കാട്ടി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത്. മുസ്ലിം ലീഗ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന് നല്ല പ്രചാരം കിട്ടി. ആ കാമ്പയിൻ തീരുമാനിക്കും മുൻപെങ്കിലും എന്തുകൊണ്ട് ഫിറോസ് അത് പുറംലോകത്തെ അറിയിച്ചില്ല. അറിഞ്ഞുകൊണ്ട് ഒരു വസ്തുത മറിച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ കേസ് എടുക്കാമല്ലോ, കെ.ടി. ജലീൽ പറഞ്ഞു.
മതവും ദീനും ഉദ്ധരിച്ച് പ്രസംഗിക്കുന്നയാൾ മയക്കുമരുന്നിന് അഡിക്ടായ ഒരാൾ വീട്ടിൽ ഉണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല എന്നതിന് ഫിറോസും പാർട്ടിയും മറുപടി പറയണമെന്നും പി.കെ ഫിറോസിന് ഈ ലഹരി ഇടപാടിൽ പങ്കുണ്ട് എന്നുപറഞ്ഞാൽ തെറ്റ് പറയാനാവുമോ എന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു. വേലയും കൂലിയും ഇല്ലാത്ത ഫിറോസ് എങ്ങനെ ഇത്രയും വില കൊടുത്ത് സ്ഥലം വാങ്ങി ഇത്രയും വലിയ വീട് വെച്ചു. എന്താണ് ഫിറോസിന് ജോലി എന്താണ് വരുമാനം. വിദേശ ബിസിനസ് ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് നിക്ഷേപം ആ പണം എവിടുന്ന് കിട്ടി എന്നും കെടി ജലീൽ ചോദിച്ചു.
ലീഗിന്റെ നേതാക്കൾ ലഹരിക്കേസിലും സാമ്പത്തിക തട്ടിപ്പിലും കുടുങ്ങുന്നുവെന്നും നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും ജലീൽ പറഞ്ഞു. മലപ്പുറം ജില്ലയിൽ സാമ്പത്തിക തട്ടിപ്പ് കൂടുന്നു. മുഖപത്രം പോലും സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചു. ഇതിന് വെള്ളം വളവും കൊടുക്കുകയാണ് മുസ്ലിം ലീഗ് എന്നും കെടി ജലീൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.