മീററ്റ്: ക്ലാസ് മുറിയിൽ പേന കൊണ്ട് കുത്തിയെന്ന പേരിൽ തുടങ്ങിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. സഹപാഠിയുടെയും സഹോദരൻ്റെയും ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു.
മീററ്റിലെ മവാനയിലുള്ള കൃഷക് ഇന്റർ കോളേജിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. അസിം എന്ന വിദ്യാർത്ഥിയെയാണ് സഹപാഠിയായ ഡാനിഷും ഇയാളുടെ സഹോദരനും ചേർന്ന് ആക്രമിച്ചത്. കത്തി കൊണ്ടുള്ള കുത്തിൽ ഇയാളുടെ ബാഗ് കീറി. ക്രൂരമർദനത്തിനിരയായ അസിമിൻ്റെ ശരീരമാസകലം പരിക്കേറ്റു.
ബുധനാഴ്‌ച ക്ലാസ് മുറിയിൽ വച്ച് അസിം പേന കൊണ്ട് ഡാനിഷിൻ്റെ ഷർട്ടിൽ വരഞ്ഞുവെന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ ചൊല്ലി ക്ലാസ് മുറിയിൽ വച്ച് തന്നെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഡാനിഷ് അസിമിനെ മർദ്ദിച്ചുവെന്നാണ് ആരോപണം.
പിന്നീട് ഉച്ചഭക്ഷണ സമയത്ത് അസിം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഡാനിഷ് സഹോദരനൊപ്പം വന്ന് മർദിക്കുകയായിരുന്നു. കോളേജിലെ കഫെക്ക് സമീപത്ത് വച്ചാണ് ഈ സംഭവം. കഫെയിൽ സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞു. കണ്ട് നിന്ന വിദ്യാർത്ഥികളും കഫെയിലുണ്ടായിരുന്നവരും ചേർന്നാണ് അസിമിനെ അക്രമികളിൽ നിന്ന് രക്ഷിച്ചത്.
ടയർ മുറിക്കുന്ന കത്തികളുമായാണ് ഇരുവരും അസിമിനെ ആക്രമിച്ചതെന്നാണ് വിവരം. ഇത്തവണ രക്ഷപ്പെട്ടെന്ന് കരുതി അടുത്ത തവണ രക്ഷപ്പെടില്ലെന്ന് അക്രമികൾ അസിമിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അസിമിൻ്റെ അമ്മ സംഭവത്തിൽ പൊലീസിന് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്യണമെന്നും, വൈദ്യപരിശോധന നടത്തണമെന്നും, പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മവാന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.