കാന്‍പുര്‍: പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കുരങ്ങന് ഒടുവില്‍ 'നോട്ടുമഴ' പെയ്യിച്ചു. ഉത്തര്‍പ്രദേശിലെ ബിദുനയിലാണ് കുരങ്ങന് മരത്തില്‍ക്കയറി നോട്ടുവിതരണം നടത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദോണ്ടാപുര് സ്വദേശിയും അധ്യാപകനുമായ രോഹിതാഷ് ചന്ദ്രയുടെ പണമടങ്ങിയ ബാഗ് കുരങ്ങന് തട്ടിപ്പറിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 80,000 രൂപയാണ് ബാഗിലുണ്ടായിരുന്നത്. രോഹിതാഷും മകന് അനൂജും ഭൂമിയിടപാടുമായി ബന്ധപ്പെട്ട നടപടികള്‍ക്കായാണ് പണവുമായി ബിദുനയിലെത്തിയത്. ബൈക്കിലായിരുന്നു ഇവര്‍ പണമടങ്ങിയ ബാഗും സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് രജിസ്ട്രേഷന് നടപടികള്‍ക്കായി ഇരുവരും പോയ സമയത്താണ് ബൈക്കിലുണ്ടായിരുന്ന ബാഗ് കുരങ്ങന് തട്ടിയെടുത്തത്.
ബാഗ് തട്ടിയെടുത്തത് കണ്ടതോടെ രോഹിതാഷും മറ്റുചിലരും കുരങ്ങന്റെ പിന്നാലെ ഓടിയെങ്കിലും രക്ഷയുണ്ടായില്ല. കുരങ്ങന് ഓടി മരത്തില്‍ക്കയറി. ഇതിനുപിന്നാലെയാണ് മരത്തിന് മുകളില്‍നിന്ന് ബാഗ് തുറന്ന് കുരങ്ങന് നോട്ടുകള്‍ താഴേക്ക് എറിയാന്‍ തുടങ്ങിയത്.
അഞ്ഞൂറുരൂപയുടെ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തുറന്ന കുരങ്ങന് നോട്ടുകള്‍ ഓരോന്നായി താഴേക്ക് എറിയുകയായിരുന്നു. 'നോട്ടുമഴ' കണ്ടതോടെ ഇത് കൈക്കലാക്കാനായി ആളുകളും കൂടി. ഇതിനിടെ ചില നോട്ടുകള്‍ മരത്തിന്റെ ചില്ലകളില്‍ തങ്ങി. ചില നോട്ടുകളെല്ലാം കീറിയ ശേഷമാണ് കുരങ്ങന് താഴേക്ക് എറിഞ്ഞത്.
ചിലര്‍ പണം കൈക്കലാക്കി സന്തോഷിച്ചപ്പോള്‍ മറ്റുചിലര്‍ കിട്ടിയ പണം ഉടമയ്ക്ക് നല്കി. കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെനല്കൂവെന്ന് കുരങ്ങനോട് വിളിച്ചുപറയുന്നവരെയും ദൃശ്യങ്ങളില്‍ കാണാം. മറ്റുചിലര്‍ പണം കൈക്കലാക്കാനായി മരത്തിന് കീഴിലുള്ള ഷീറ്റിന് മുകളില്‍വരെ കയറി.
അതേസമയം, നോട്ടുമഴ കണ്ട് ഇത് കൈക്കലാക്കാന്‍ എത്തിയവരോടെല്ലാം പണം തിരികെ നല്‍കണമെന്ന് രോഹിതാഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ 52,000 രൂപ മാത്രമാണ് തിരികെ കിട്ടിയതെന്നും 28,000 രൂപ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.