തൃപ്പൂണിത്തുറ: എൽദോ എന്നായിരുന്നു നാട്ടുകാർ അവനിട്ട പേര്. എല്ലാവരുടെയും ദോസ്തായിരുന്ന അവനെ ആളുകൾക്ക് പെരുത്തിഷ്ടമായിരുന്നു. ഒരു തെരുവുനായ ആയിട്ടല്ല എല്ലാവരും അവനെ കണ്ടിരുന്നത്. അപ്രതീക്ഷിതമായിരുന്നു അവന്റെ വേർപാട്.... എൽദോയുടെ കളിമൺ പ്രതിമ സ്ഥാപിച്ച് നാട്ടുകാർ അവന്റെ ഓർമ്മകൾ ചേർത്തുപിടിക്കുകയാണ്.
എരൂർ കോഴിവെട്ടുംവെളി ബസ് സ്റ്റോപ്പിനടുത്തായി അവർ ഒരു സ്തൂപം നിർമിച്ചാണ് എൽദോയുടെ പ്രതിമ സ്ഥാപിച്ചത്. ഇവിടത്തെ ഓട്ടോക്കാരടക്കം മുൻ കൈയെടുത്താണിത് സ്ഥാപിച്ചത്. വർഷങ്ങൾക്കു മുൻപ് എവിടെ നിന്നോ കോഴിവെട്ടുംവെളിയിൽ വന്നു പെട്ടതാണവൻ. ദേഹത്ത് പൊള്ളലേറ്റ പാടും ചെറിയ മുടന്തും ഉണ്ടായിരുന്നു. സങ്കടത്തോടെയാണ് എല്ലാവരെയും നോക്കിയിരുന്നത്. ഇതും ശാന്തമായ പെരുമാറ്റവുമാണ് അവനെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം. ആളുകളുടെ സ്നേഹഭാജനമായതോടെ എൽദോ എന്ന വിളിപ്പേരും വീണു.
എല്ലാവരോടും വാലാട്ടി സ്നേഹം പ്രകടിപ്പിക്കും. സന്ധ്യക്ക് ട്യൂഷൻ കഴിഞ്ഞുവരുന്ന കുട്ടികൾക്കൊപ്പം വീടുവരെ കൂട്ടായി അവനുണ്ടാകുമെന്ന് കോഴിവെട്ടുംവെളിയിലെ തൈക്കാടൻ ഗീവർഗീസ് പറയുന്നു. അതുകൊണ്ടുതന്നെ സ്കൂൾ കുട്ടികൾക്കും അവനെ ഇഷ്ടമായിരുന്നു. മറ്റ് നായ്ക്കളുമായി കടിപിടിക്കൊന്നും പോകാത്ത സമാധാനപ്രകൃതക്കാരനായിരുന്നു. ജങ്‌ഷനിലായിരുന്നു കിടപ്പ്.
വിളിച്ചാൽ ഓടിയെത്തും. രണ്ടുതവണ വാഹനാപകടത്തിൽ പരിക്കേറ്റപ്പോൾ ഓട്ടോ ഡ്രൈവർ സനകൻ ഉൾപ്പെടെയുള്ളവർ എൽദോയെ എടുത്ത് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.കഴിഞ്ഞ ഏപ്രിൽ 24-നായിരുന്നു എൽദോയുടെ വേർപാട്. അവന്റെ സംസ്കാരവും നാട്ടുകാർ നടത്തി. അതിനുശേഷമാണ് ഓർമ്മയ്ക്കായി കളിമൺ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ശില്പി ജയൻ വി.കെ.യും അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ നിബിൻ വി.ജി.യും ചേർന്നാണ് ‘എൽദോ' യുടെ പ്രതിമ നിർമിച്ചത്.എൽദോയ്ക്ക് വീട്ടിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതിയുമായി ജങ്ഷനിൽ അന്വേഷിച്ചു വരുന്നവർ വരെ ഉണ്ടായിരുന്നു. ഓട്ടോ ഡ്രൈവർമാരുടെയും ചങ്ങാതിയായിരുന്നു. അവർ സമീപത്തെ ഷൺമുഖൻ സൂപ്പർ സ്റ്റോഴ്സിൽനിന്ന് ഇഷ്ടപ്പെട്ട പാൽകേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.