തൃശൂർ : വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വിപിൻ വിൽസനാണ് അറസ്റ്റിലായത്. ഇന്നലെയുണ്ടായ സിപിഎം–ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തു.
ജനാധിപത്യ വോട്ടവകാശത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചേറൂറിലെ എംപി ഓഫിസിലേക്കാണ് സിപിഎം ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്.
ഓഫിസ് പരിസരത്ത് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. പിന്നാലെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
തുടർന്നു പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ജലപീരങ്കി ഉൾപ്പെടെ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
തുടർന്നു സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി. പഴയ നടക്കാവിലെ ബിജെപിയുടെ മുൻ ജില്ലാ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് എംജി റോഡരികിലെ മനത്ത് ലെയ്‌നിൽ പൊലീസ് തടഞ്ഞു.
പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മാർച്ചിനെതിരെ സിപിഎം പ്രവർത്തകരും കൂട്ടത്തോടെ സംഘടിച്ചെത്തി. തുടർന്ന് ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ച് മുഖാമുഖം നിന്നു. സംഘർഷത്തിലും കല്ലേറിലും ബിജെപി സിറ്റി ജനറൽ സെക്രട്ടറി പി.കെ. ബാബു, പ്രവർത്തകരായ അജിത് മൂത്തേരി, പ്രദീപ് മുക്കാട്ടുകര എന്നിവർക്ക് പരുക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.