കോഴിക്കോട്; വിദേശ രാജ്യങ്ങളിൽനിന്നു കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും കോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചെന്ന ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കടലാസ് കമ്പനികൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് വിദേശത്തുനിന്നു കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും വിദേശ പര്യടനത്തിനിടെയും ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്. നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാദനത്തെ പറ്റിയും ഹവാലാ ഇടപാടുകളെ പറ്റിയും അന്വേഷണം വേണമെന്ന് പറഞ്ഞത് പാർട്ടിക്കാർ തന്നെയാണ്.
ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്കു നേരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് സിപിഎം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.സിപിഎം നേതാക്കൾക്കെതിരെ ഉയർന്നു വന്നിരിക്കുന്നത് അതീവ ഗൗരവതരമായ ആരോപണങ്ങളാണ്. രേഖകൾ സഹിതം സിപിഎമ്മിന്റെ അകത്തു നിന്നുമാണ് ഈ ആരോപണം പുറത്തുവന്നിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്.
മന്ത്രിമാർ ഇടയ്ക്കിടെ ചികിത്സയ്‌ക്കെന്ന പേരിൽ വിദേശ സന്ദർശനം നടത്തുന്നത് വെറുതെയല്ലെന്ന് ഇപ്പോൾ ബോധ്യമായി. വിദേശ രാജ്യങ്ങളിൽനിന്നു പണം സമാഹരിക്കാനുള്ള ഏജൻസികൾ സിപിഎമ്മിന് ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പണം പോലും വിദേശത്തുനിന്നു പിരിക്കുന്നതായി പറയുന്നു. എല്ലാ സാമൂഹ്യ-പ്രകൃതി ചൂഷണ പദ്ധതികൾക്കും ഇടനില നിന്ന് പണമുണ്ടാക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. വിദേശനാണ്യ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വൻതോതിലാണ് പണം അന്യരാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വരുന്നത്.
അടിയന്തരമായി ഈ കാര്യങ്ങളിൽ ജനങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ തയാറാകണം. അധികാരം ഉപയോഗിച്ചുകൊണ്ട് സിപിഎം കൊള്ള നടത്തുകയാണ്. ലോക കേരളസഭയെല്ലാം പ്രഹസനമായി മാറിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വിദേശത്തുനിന്നു കൊള്ള നടത്തിയ പണം എവിടെയൊക്കെയാണ് ചെലവഴിച്ചതെന്ന് കണ്ടുപിടിക്കണം. ഈ കാര്യത്തിൽ വിവാദ വ്യവസായിയെ കുറിച്ചും നേതാക്കൾക്ക് അയാളുമായുള്ള ബന്ധത്തെ കുറിച്ചും സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.