തിരൂർ: തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂരിൽ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദിഖിന്റെ വീട് കഴിഞ്ഞദിവസം രാത്രി പൂർണമായും കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സ്ഥിരമായി ഉപയോഗിക്കുന്ന പവർബാങ്ക് കിടപ്പുമുറിയിൽ ചാർജിലിട്ടിരുന്നു. ഇത് പൊട്ടിത്തെറിച്ച് തീ പടർന്നതാകാമെന്നാണ് കരുതുന്നത്.
സിദ്ദിക്കും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉൾപ്പടെയെല്ലാം കത്തി ചാമ്പലായി. വൈകീട്ട് ആറുമണിയോടെ കുടുംബത്തോടൊപ്പം പോയസിദ്ദിക്ക്, രാത്രി മടങ്ങുമ്പോൾ വീടിന് തീപിടിച്ച വിവരം നാട്ടുകാർ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഒരു കിടപ്പുമുറിയും ശൗചാലയവും അടുക്കളയും സിറ്റൗട്ടും മാത്രമുള്ള, കല്ലുപയോഗിച്ച് ചുമർ നിർമ്മിച്ച് ഓലമേഞ്ഞതായിരുന്നു വീട്. തിരൂർ അഗ്നിരക്ഷാ നിലയത്തിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു.
തിരൂർ പോലീസ് കേസെടുത്തു. പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനീഷ്, എസ്.ഐ. ആർ.പി. സുജിത്ത് എന്നിവർ സ്ഥലത്തെത്തി. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധൻ വിവേകാനന്ദൻ, ഫൊറൻസിക് സയന്റിഫിക് ഓഫീസർ ദിനേശ് വലിയാട്ടിൽ എന്നിവരെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഡിവൈഎസ്.പി. സി. പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.