ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നതായുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്ച മാധ്യമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ കണക്കുകള്‍ നിരത്തിയിരുന്നു.
രാഹുലിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടര്‍മാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂര്‍ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകര്‍ക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന്റെ കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോപോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനേയും അനുകൂലിച്ച് കൊണ്ടുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ കോണ്‍ഗ്രസിന് അപ്രിയനായി മാറിയിരുന്ന തരൂരിന്റെ പുതിയ നിലപാട് ശ്രദ്ധേയമായിരിക്കുകയാണ്. രാഹുലിനെ പിന്തുണച്ചുള്ള പുതിയ നിലപാട് തരൂരിനോടുള്ള പാര്‍ട്ടിയുടെ നീരസത്തില്‍ അല്പം മാറ്റമുണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 32,707 വോട്ടിന് തോറ്റ ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍മാത്രം ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകള്‍, ഒരേ വിലാസത്തില്‍ കൂട്ടത്തോടെ വോട്ടര്‍മാര്‍, വീട്ടുനമ്പര്‍ പൂജ്യം തുടങ്ങി തട്ടിപ്പുകള്‍ നടത്തി ജനാധിപത്യം അട്ടിമറിച്ചെന്നാണ് രാഹുല്‍ ആരോപിച്ചത്.. രാജ്യമെങ്ങും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നതായും രാഹുല്‍ വെളിപ്പെടുത്തി.
ഇതിന്റെ തെളിവുകള്‍ നശിപ്പിക്കുന്ന തിരക്കിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്നും നീതിന്യായ സംവിധാനം ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇത് തന്റെ പരസ്യമായ സത്യവാങ്മൂലമാണെന്നും ഈ മോഷണത്തിന്റെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ രാഹുല്‍ വെല്ലുവിളിച്ചു.രാഹുലിന്റെ ആരോപണത്തിന് പിന്നാലെ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ കരുതിക്കൂട്ടിയുള്ള തെറ്റിധരിപ്പിക്കലാണെന്ന് ബിജെപി പ്രതികരിച്ചു. രാഹുല്‍ഗാന്ധി അങ്ങേയറ്റം നിരുത്തരവാദപരവും നാണമില്ലാത്തതുമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ജനങ്ങളുടെ വിവേകപൂര്‍ണമായ തീരുമാനത്തെ രാഹുല്‍ഗാന്ധി അപഹസിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.