തിരുവനന്തപുരം: അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞവർക്കുള്ള മരുന്നുകൾ സബ്‌സിഡി നിരക്കിൽ നൽകുന്നതിനു നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞവരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും കാൻസർ മരുന്നുകൾ വിലകുറച്ച് നൽകാനായി ആരംഭിച്ച കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴിയാകും മരുന്നുകൾ ലഭ്യമാക്കുകയെന്നും അറിയിച്ചു.
മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്യുന്നതിന്റെ സംസ്ഥാനതല പരിപാടിയായ ‘സ്മൃതിവന്ദനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈകാതെ ഉത്തരവ് പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ(കെ-സോട്ടോ) നേതൃത്വത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന പരിപാടിയിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. 122 കുടുംബങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. കേരളത്തിൽ ഇതുവരെ 389 മരണാനന്തര അവയവദാനം നടന്നു. അതിന്റെ ഗുണഭോക്താക്കളായി 1120 പേർക്ക് പുതിയ ജീവിതം ലഭിച്ചു.
മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്മൃതിവന്ദനം 2025-ന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി വീണാ ജോർജ് അവയവം ദാനംചെയ്ത ഹരിദാസന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.
ജർമനിയിൽ നടക്കുന്ന വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽനിന്നു പങ്കെടുക്കുന്ന മിഥുൻ അശോക്(വൃക്ക മാറ്റിവെക്കൽ), എസ്. സുജിത്ത്(കരൾ മാറ്റിവെക്കൽ) എന്നിവർക്ക് എല്ലാവിധ വിജയാശംസകളും മന്ത്രി നേർന്നു.
അവയവദാന മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കലും സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും അവയവദാന ബോധവത്‌കരണ വീഡിയോ പ്രകാശനം ജില്ലാ കളക്ടർ അനുകുമാരിയും നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.