തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിജെപി അനുകൂല ജീവനക്കാരുടെ സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്റര്‍ സംഘടിപ്പിച്ച വിഭജനഭീകരതാദിന പരിപാടിക്കെതിരേ എസ്എഫ്ഐ പ്രവര്‍ത്തകരും കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകരും സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രതിഷേധക്കാര്‍ക്കുനേരേ പോലീസ് ലാത്തിവീശി. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. സംഘാടകരെയും പ്രതിഷേധക്കാരെയും പോലീസ് അടിച്ചോടിച്ചു.
വൈകീട്ട് നലരയോടെ സ്റ്റുഡന്റ്സ് ട്രാപ്പില്‍ എസ്എഫ്ഐക്കാരും യുഡിഎസ്എഫുകാരും ധര്‍ണ തുടങ്ങി. അഞ്ചുമണിയോടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെത്തി ബാനര്‍ കെട്ടാന്‍ തുടങ്ങി. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതു തടഞ്ഞ് മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കെട്ടിയ ബാനര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറിച്ചെറിഞ്ഞു. ഇതോടെ പോലീസ് ഇടപെട്ടു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിഭജനത്തെക്കുറിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു. ചരിത്രവിഭാഗം അധ്യാപകന് ഡോ. ആര്. വിനീതാണ് ക്ലാസ് നയിച്ചത്.
പരിപാടി നടക്കില്ലെന്നു കണ്ടതോടെ സംഘാടകര്‍ എത്തിച്ച കസേരകളും മറ്റും വണ്ടിയില്‍ കയറ്റാന്‍ തുടങ്ങി. യുഡിഎസ്എഫുകാര്‍ ഈ വണ്ടിയില്‍ കയറിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. ഈ സമയത്താണ് പരിപാടിയില്‍ മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്ന കേസരി പത്രാധിപര്‍ എന്‍.ആര്. മധുവും മറ്റും കാമ്പസിലെത്തിയത്.
ഇവര്‍ പരിപാടി തുടങ്ങാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ ചുറ്റുംകൂടി. കൈയേറ്റശ്രമം തടയാന്‍ ശ്രമിച്ച പോലീസ് പ്രതിഷേധക്കാര്‍ക്കുനേരേ ലാത്തിവീശി. ഇതില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വി. ശിവഹരിക്ക് തലയ്ക്ക് അടിയേറ്റു. സംഘാടകരെയും പ്രതിഷേധക്കാരെയുമെല്ലാം പോലീസ് തല്ലിയോടിച്ചു.
തുടര്‍ന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ സംഘാടകരുടെ ബാനര്‍ കത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദിനാചരണത്തിനെതിരേയുള്ള പരിപാടി തുടര്‍ന്നു. പോലീസുകാരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരായ ബി.എസ്. അക്ഷയ്, അമല്ഷാന്, അഭിനവ് കൃഷ്ണ, യുഡിഎസ്എഫ് പ്രവര്‍ത്തകരായ ഫൈസല്‍ തടത്തില്‍, അബിന്‍ അഗസ്റ്റിന്, ടി.പി. ഷഹീല്‍, നിയാസ് കോഡൂര്‍, പി. മുസ്ലിയ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ഡിവൈഎസ്പി ബിജുവിന്റെ നേതൃത്വത്തില്‍ നൂറ്റിമുപ്പതോളം പോലീസുകാര്‍ കാവലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.