കൊച്ചി : കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്തിന്റെ മാതാപിതാക്കളെ തേടി പൊലീസ്.
ആലുവ പാനായിക്കുളം സ്വദേശിയായ റമീസ് അറസ്റ്റിലായതിനു പിന്നാലെ മാതാപിതാക്കൾ ഒളിവിൽ പോയിരുന്നു. ഇവർ എവിടെയാണുള്ളതെന്ന ധാരണയുണ്ടെന്നും കസ്റ്റഡിയിലെടുത്താലുടൻ കേസിൽ പ്രതി ചേർക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇവർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തും. യുവതി ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും പ്രതി ചേർക്കുമെന്നാണ് വിവരം.
റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവരെ കേസിൽ രണ്ടും മൂന്നും പ്രതികളാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. തന്നെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതിൽ റമീസിനൊപ്പം മാതാപിതാക്കൾക്കും കൂട്ടുകാർക്കും പങ്കുണ്ടെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. മതം മാറാൻ സമ്മതിച്ചിട്ടും മാതാപിതാക്കളടക്കം ക്രൂരതയോടെയാണ് തന്നോട് പെരുമാറിയത് എന്നും കത്തിലുണ്ട്.
റമീസ് യുവതിയെ വീട്ടിലെത്തിച്ച് മർദിച്ചപ്പോൾ മാതാപിതാക്കളും സുഹൃത്തും ഇവിടെയുണ്ടായിരുന്നെങ്കിലും അവർ തടഞ്ഞില്ല എന്ന് യുവതി തന്റെ പെൺസുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് റമീസിന്റെ മാതാപിതാക്കളെ കേസിൽ പ്രതി ചേർക്കുക.
ആത്മഹത്യപ്രേരണാ കുറ്റത്തിനു പുറമെ യുവതി മതം മാറണമെന്ന് റമീസും വീട്ടുകാരും ശഠിച്ചതിനു പിന്നിലുള്ള കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലുണ്ട്. വിഷയത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്വേഷണത്തിന്റെ പരിധി അന്വേഷണ സംഘം വിപുലമാക്കിയത്.
റമീസിനെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മതംമാറ്റ ആരോപണം കൂടുതൽ ശക്തമായ സാഹചര്യത്തിൽ റമീസിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾക്ക് അന്വേഷക സംഘത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. റമീസിന്റെ ഫോൺ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, സിപിഎം നേതാക്കളായ പി.കെ.ശ്രീമതി, സി.എസ്.സുജാത എന്നിവർ രാവിലെ 10.30ന് യുവതിയുടെ വീട് സന്ദർശിക്കും. ഇന്നലെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ യുവതിയുടെ വീട്ടിലെത്തി അമ്മയേയും സഹോദരനേയും സന്ദർശിച്ചിരുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.