വാഷിങ്ടൻ : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന് കേട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതു ‘നല്ല നടപടി’ ആണെന്നും ട്രംപ് പ്രശംസിച്ചു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
‘‘ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പോകുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അതാണ് ഞാൻ കേട്ടത്. അതു ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.’’– ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. വ്യാപാരചർച്ചകളിൽ അന്തിമധാരണയാകാത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ അധികതീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
പകരംതീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% തീരുവ യുഎസ് ഏർപ്പെടുത്തി. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതും ട്രംപിനെ പ്രകോപിപ്പിച്ചു. അധിക തീരുവയിൽ മേൽ പിഴ ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവിൽ ഇതു സംബന്ധിച്ച പരാമർശമില്ല.
അതേസമയം, ഇന്ത്യൻ എണ്ണക്കമ്പനികൾ കഴിഞ്ഞ ആഴ്ച റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയോ എന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച വിവരങ്ങൾ തനിക്കറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ മറുപടി. ‘‘ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത് രാജ്യാന്തര വിപണിയിൽ ലഭ്യമായ എണ്ണയുടെ വിലയെയും അന്നത്തെ ആഗോള സാഹചര്യത്തെയും അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറഞ്ഞതിന്റെ വിശദാംശങ്ങൾ എനിക്കിറിയി.ല്ല’’– രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമർശിച്ചാണ് 25% പകരംതീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചത്.
ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായിട്ടും ഉയർന്ന തീരുവ മൂലം വളരെ കുറച്ചു വ്യാപാരമേ അമേരിക്കയ്ക്ക് നടത്താൻ കഴിഞ്ഞുള്ളുവെന്നും ട്രംപ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതിത്തീരുവ നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും അതിനാൽ ഇന്ത്യ - യുഎസ് വ്യാപാരത്തിൽ, തന്റെ രാജ്യത്തിന് 4570 കോടി ഡോളറിന്റെ കമ്മിയുണ്ടന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര ശ്രമത്തിനെതിരാണെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചപ്പോൾ തന്നെ ഇന്ത്യ– യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും മേൽ പകരംതീരുവ പ്രഖ്യാപിച്ചത് കാര്യങ്ങൾ തകിടം മറിച്ചു. ഇന്ത്യയ്ക്കു മേൽ ഏപ്രിൽ 2 ന് 26% പകരംതീരുവയും 10% അടിസ്ഥാന തീരുവയുമാണു പ്രഖ്യാപിച്ചത്. വ്യാപാരക്കരാർ ചർച്ചയ്ക്കായി ഓഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിലെത്തുമെന്നും അന്ന് സംയുക്ത കരാറിന് കളമൊരുങ്ങുമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. അതെല്ലാം ട്രംപ് അസ്ഥാനത്താക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.