കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് പി.പി. ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പി.പി. ദിവ്യയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.
കേസ് പരിഗണിക്കുന്നത് 23-ലേക്ക് മാറ്റി.അന്വേഷണത്തില്‍ പി.പി. ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് അനുകൂലമായ സാക്ഷിമൊഴികള്‍ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണെന്നും ഇത് നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജിയാണെന്നും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചകളും പോരായ്മകളും ഉണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കെ. മഞ്ജുഷയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പോലീസ് നല്കിയ അവസാന റിപ്പോര്‍ട്ടില്‍ പല രേഖകളും സാക്ഷിമൊഴികളും തെളിവുകളുമൊക്കെ മറച്ചുവെച്ചിട്ടുണ്ട്. കേസിലെ പ്രതിയായ പി.പി. ദിവ്യയെ സഹായിക്കുന്ന വിധത്തിലാണ് പലതും രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷപാതപരമായ രീതിയിലാണ് റിപ്പോര്‍ട്ട്. അതിനാല്‍ തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കണം. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണം തൃപ്തികരമായിരുന്നില്ല. കുടുംബം പറഞ്ഞ കാര്യങ്ങളൊന്നും അവര്‍ അന്വേഷിച്ചില്ല.
പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങിയില്ല. ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു എസ്ഐടി അന്വേഷണം. ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ പരിശോധിച്ചില്ല. ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണം.നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കളക്ടറുടെ മൊഴിയിലും ഒരുപാട് വൈരുധ്യമുണ്ട്. എസ്ഐടി റിപ്പോര്‍ട്ടില്‍ അക്കാര്യങ്ങള്‍ പറയുന്നില്ല. ഗൂഢാലോചനടക്കം പുറത്തുവരാന്‍ പുതിയ അന്വേഷണം വേണം. എസ്ഐടി അന്വേഷണത്തിലെ വീഴ്ച എണ്ണിപ്പറഞ്ഞാണ് അഡ്വ. ജോണ്‍ എഫ്. റാല്‍ഫ് മുഖേന പുതിയ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.