ന്യൂഡല്‍ഹി: മീററ്റിലെ ഭൂനി ടോള്‍ പ്ലാസയില്‍ ടോള്‍ ജീവനക്കാര്‍ സൈനികനെ മര്‍ദ്ദിച്ച സംഭവത്തില്‍, ടോള്‍ ഏജന്‍സിക്ക് ദേശീയപാത അതോറിറ്റി 20 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയപാത അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പിഴ ചുമത്തിയതായി വ്യക്തമാക്കിയത്.
ടോള്‍ പിരിക്കുന്ന സ്ഥാപനത്തെ വിലക്കാനും ഭാവിയില്‍ ടോള്‍ പ്ലാസ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കരിമ്പട്ടികയില്‍ പെടുത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചു.
'2025 ഓഗസ്റ്റ് 17-ന് ദേശീയപാത-709എയിലെ മീററ്റ്-കര്‍ണാല്‍ പാതയിലുള്ള ഭൂനി ടോള്‍ പ്ലാസയില്‍, സൈനികനും ടോള്‍ ജീവനക്കാരനും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയും സൈനികനോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചു' ദേശീയപാത അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഗോത്ക ഗ്രാമവാസിയായ കപില്‍ എന്ന സൈനികന് അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്.സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിലും ഏജന്‍സി പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ കരാര്‍ ലംഘനം കണക്കിലെടുത്ത്, ടോള്‍ പിരിക്കുന്ന ഏജന്‍സി ഉടമ ധരം സിങ്ങിന് 20 ലക്ഷം രൂപ പിഴ ചുമത്തി'ദേശീയപാത അതോറിറ്റി അറിയിച്ചു.
വിഷയത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസ ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്‍എച്ച്എഐ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.