ചാലിശ്ശേരി : തിരുവനന്തപുരത്ത് ചന്ദ്രശേഖർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന 69-ാമത് കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് അണ്ടർ–20 പുരുഷ വിഭാഗം പോൾവാൾട്ടിൽ ചാലിശ്ശേരി ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി കെ.യു. യദുകൃഷ്ണ കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ച പോളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് .
2023 ൽ മുളത്തണ്ട് ഉപയോഗിച്ച് കുന്നംകുളത്ത് നടന്ന സംസ്ഥാനകായിക മേളയിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച യദുവിന്റെ വാർത്ത മാധ്യമത്തിൽ വന്നപ്പോൾ, എം.പി. സുരേഷ് ഗോപിയാണ് 1.14 ലക്ഷം രൂപ വിലവരുന്ന 145 എൽ.ബി ഫൈബർ പോൾ സ്കൂളിന് സമ്മാനമായി നൽകിയത്.
അതുപയോഗിച്ച് നടത്തിയ പരിശീലനത്തിലാണ് യദു കഴിഞ്ഞ വർഷം തൃത്താല ഉപജില്ലയിലും, പാലക്കാട് ജില്ല കായികമേളയിലും ഒന്നാം സ്ഥാനവും, എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ അഞ്ചാം സ്ഥാനവും നേടിയിരുന്നു. എം.പി. തന്ന ഫൈബർപോളിലൂടെ രണ്ടാം സ്ഥാനത്ത് എത്തിയ ആഹ്ലാദത്തിലാണ് സ്കൂൾ .
സെപ്തംബർ 9 -11 തിയ്യതികളിൽ പുതുചേരിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ യദുവിന് മികച്ച വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകരും സ്കൂളും.
എന്നാല്‍ ദേശീയ തലത്തിൽ മികച്ച പരിശീലനം നേടാൻ 150 എൽ.ബിയും 4.30 മീറ്റർ നീളമുള്ള കാർബൺ പോളും നിലവാരമുള്ള പോൾവാൾട്ട് ബെഡും അടിയന്തിരമായി സ്കൂളിന് ആവശ്യമാണ്.സ്വന്തമായി പോൾവാൾട്ട് സംവിധാനമൊന്നുമില്ലാത്ത സർക്കാർ സ്കൂളിൽ, കോവിഡ് കാലത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് ലഭിച്ച കിടക്കകൾ അടക്കി വെച്ചാണ് മൈതാനത്ത് മുളത്തണ്ടിൽ പരിശീലനം തുടങ്ങിയാണ് കോക്കൂർ മഠത്തിൻപുറം കൂട്ടിയാട്ടിൽ ഉണ്ണികൃഷ്ണൻ - ശാലിനി ദമ്പതിമാരുടെ രണ്ട് മക്കളിൽ ഇളയവനായ യദു ഉയരങ്ങളിൽ എത്താൻ സ്വപ്നം കണ്ടത്.
2023-ൽ കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ വെറും മൂന്ന് അടിയോളം നീളമുള്ള മുളത്തണ്ടുപയോഗിച്ച് 2.80 മീറ്റർ ചാടി ആദ്യ ഏഴിൽ ഇടം നേടിയാണ് മുന്നോട്ട് ഉയർന്നത്.ചാലിശ്ശേരി സ്കൂളിലെ മുഹമ്മദ് നിഹാൻ, സി.ടി. ഗായത്രി, ടി.പി. ഹിത എന്നിവർ സംസ്ഥാന തല പോൾവാൾട്ട് താരങ്ങളാണ്.ഫുട്ബോൾ, വോളിബോൾ, ഖൊഖൊ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ബോക്സിംഗ്, യോഗ, ചെസ്, കരാട്ടെ തുടങ്ങി നിരവധി ഇനങ്ങളിൽ സ്കൂളിൽ മികച്ച പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.
കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ്, കോച്ച് ഉണ്ണികൃഷ്ണൻ , യു പി വിഭാഗം കോച്ച് ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് യദുവിനും മറ്റു താരങ്ങൾക്കും മികച്ച പരിശീലനം നൽകുന്നത്.പാലക്കാട് വിമുക്തി മിഷന്റെ 25- 26 ഉണർവ് പദ്ധതിയിൽ സ്കൂളിനായി രണ്ടരലക്ഷം രൂപയുടെ കായികോപകരണങ്ങളുടെ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്.മികച്ച പരിശീലനം നേടാൻ 150 എൽ.ബി കാർബൺ പോളും നിലവാരമുള്ള പോൾവാൾട്ട് ബെഡും കായികപ്രേമികളോ , സ്വകാര്യ സ്ഥാപനങ്ങളോ കൈത്താങ്ങായി വരുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.