കൊച്ചി : മുൻ മന്ത്രി ടി.എം.തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.
സാമൂഹിക പ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് തള്ളിയത്. 2024 ഡിസംബറിലായിരുന്നു ഐസക്കിന്റെ നിയമനം.
വിജ്ഞാന കേരളം പദ്ധതിയിലേക്ക് ഉപദേശകനായാണ് ആ മേഖലയില്‍ വൈദഗ്ധ്യമുള്ള ആളെ സർക്കാർ നിയോഗിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പളമില്ലാതെ ചെലവ് മാത്രം നൽകിയാണ് നിയമനം. പരാതിക്കാരൻ ബന്ധപ്പെട്ടവരെ കക്ഷിയാക്കാതെയും കാര്യങ്ങൾ പഠിക്കാതെയും നിയമവശങ്ങൾ പരിശോധിക്കാതെയുമാണ് ഹർജി നൽകിയതെന്നും ഇത് തള്ളുന്നതായും കോടതി വ്യക്തമാക്കി. കേസില്‍ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചിരുന്നു. പരാതിക്കാരന് പിഴ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ നിയമനം നിയമപരമല്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ തോമസ് ഐസക്കിന്റെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവിറക്കിയ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് എക്സ്–ഒഫിഷ്യോ സെക്രട്ടറിയുടെ നടപടി അംഗീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഈ പദവിയിൽ ഐസക്ക് പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും സ്വന്തം വാഹനത്തിന് ഇന്ധനം, ഡ്രൈവർ ചെലവിനത്തിൽ 70,000 രൂപയാണ് അനുവദിക്കുന്നത് എന്നും സർക്കാർ അറിയിച്ചിരുന്നു. നേരത്തെ പരാതിക്കാരന്റെ പശ്ചാത്തലം വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇത്തരത്തിലുള്ള ഹർജിയിലൂടെ തന്റെ യോഗ്യതയും മറ്റും തെളിയിക്കാൻ സത്യവാങ്മൂലം നൽകാൻ തോമസ് ഐസക്കിന് ദുരവസ്ഥയുണ്ടാക്കിയത് ദൗർഭാഗ്യകരമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.