ന്യൂഡൽഹി; എയർ ഇന്ത്യയുടെ സുരക്ഷ, പരിപാലന മാനദണ്ഡങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി.
അഹമദാബാദ് വിമാനദുരന്തത്തിനു പിന്നാലെയാണ് വിമാനങ്ങളിലെ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) അംഗീകാരമുള്ള ഒരു രാജ്യാന്തര വ്യോമയാന സുരക്ഷാ ഏജൻസിയെക്കൊണ്ട് സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.വാദം കേൾക്കുന്നതിനിടെ, എയർ ഇന്ത്യയിൽ മാത്രം എന്തുകൊണ്ടാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.‘‘എന്തുകൊണ്ട് എയർ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു? മറ്റു വിമാനക്കമ്പനികളിലും എന്തുകൊണ്ട് അത്തരം സുരക്ഷാ ഓഡിറ്റ് ആയിക്കൂടാ?’’ – ഹർജി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ട് ബെഞ്ച് ചോദിച്ചു. ഒരു വിമാനക്കമ്പനിയെ മാത്രം ലക്ഷ്യം വച്ചുള്ള ഹർജിക്കാരന്റെ ഉദ്ദേശ്യത്തെയും കോടതി വിമർശിച്ചു, ‘‘നടന്നത് ദൗർഭാഗ്യകരമായ സംഭവമായിരുന്നു. പക്ഷേ, ഒരു ദുരന്തം സംഭവിച്ചു എന്നതുകൊണ്ട്, നിങ്ങൾ ഒരു വിമാനക്കമ്പനിയെ മാത്രം ലക്ഷ്യം വയ്ക്കുകയാണോ? മറ്റു വിമാനക്കമ്പനികള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങളില്ലേ?’’ – ബെഞ്ച് കൂട്ടിച്ചേർത്തു.
സുരക്ഷാ ആശങ്കകൾ ഉണ്ടെങ്കിൽ ആദ്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടോ (ഡിജിസിഎ) കേന്ദ്ര സർക്കാരിനോടോ ഉന്നയിക്കണമെന്നും കോടതി ഹർജിക്കാരനോട് നിർദേശിച്ചു. ‘‘സുരക്ഷ ഉറപ്പാക്കണമെങ്കിൽ, ഡിജിസിഎയെയോ കേന്ദ്ര സർക്കാരിനെയോ സമീപിക്കുക. ആഭ്യന്തര, രാജ്യാന്തര വിമാനക്കമ്പനികളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക. അധികാരികൾ ഒന്നും ചെയ്തില്ലെങ്കിൽ മാത്രമേ ഞങ്ങൾ ഇടപെടുകയുള്ളൂ.’’ – സുപ്രീം കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.