തിരുവനന്തപുരം; വെളിച്ചെണ്ണയും അരിയും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ.
സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ നൽകുന്ന ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് ഓണത്തിനു മുൻപ് ഇനിയും വിലകുറയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26ന് ആരംഭിക്കും. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും 14 ഇനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെട്ട കിറ്റുകളാണു വിതരണം ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ നടി റിമ കല്ലിങ്കലിന് നൽകിക്കൊണ്ട് മന്ത്രി ഇന്ന് വിപണിയിലിറക്കി.നിലവിൽ സബ്സിഡി ഇനത്തിലുള്ള വെളിച്ചെണ്ണയ്ക്ക് 349 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാണ്. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപി വിലയെക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോയിലൂടെ നൽകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ഓണച്ചന്തകൾ 25ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഓണച്ചന്തയിലും സബ്സിഡി വെളിച്ചെണ്ണ ലഭ്യമാക്കും. എല്ലാ ജില്ലകളിലും ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. എല്ലാം നിയമസഭാ മണ്ഡലങ്ങളിലും 26 മുതൽ ഒരു പ്രധാന ഔട്‌ലെറ്റിനോടു ചേർന്നു ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഫെയറുകൾ 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.സെപ്റ്റംബർ മാസത്തേക്കുള്ള സബ്സിഡി സാധനങ്ങൾ ഓഗസ്റ്റ് 25 മുതൽ വാങ്ങാം. സപ്ലൈകോ വഴി ഒരു ബില്ലിന് ഒരു ലീറ്റർ കേര വെളിച്ചെണ്ണ എന്ന നിബന്ധന മാറ്റി. 457 രൂപയുടെ കേര വെളിച്ചെണ്ണ ഇനി ആവശ്യാനുസരണം വാങ്ങാം.
എല്ലാ റേഷൻ കാർഡുകാർക്കും 20 കിലോ പച്ചരി/പുഴുക്കലരി സ്പെഷൽ അരിയായി 25 രൂപയ്ക്ക് നൽകും. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ ഓഫറിലും വിലക്കുറവിലും ലഭ്യമാക്കും. ഗിഫ്റ്റ് കാർഡ്, ലക്കി ഡ്രോ എന്നിവ ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കും. 26ന് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ആരംഭിക്കും. ഇത്തവണ സബ്സിഡി ഉൽപന്നങ്ങളും ഇതിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.