ടെൽ അവീവ്: ഗാസയിലെ വെടിനിർത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹമാസ് കടുത്ത സമ്മർദത്തിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഗാസയിൽ 60 ദിവസം വെടിനിർത്താനുള്ള നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ 200 പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലുള്ള മുഴുവൻ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
വെടിനിർത്തൽ നിർദേശം ഇസ്രയേൽ നേരത്തെ അംഗീകരിച്ചതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റേത് നല്ല പ്രതികരണമാണെന്നും ഇസ്രയേൽ മുമ്പ് സമ്മതിച്ചതിന് സമാനമാണ് ഇതെന്നുമായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. വെടിനിർത്തൽ നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് അവതരിപ്പിച്ച പദ്ധതിക്ക് സമാനമാണെന്നും അൻസാരി അവകാശപ്പെട്ടു.
അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 62,000 കവിഞ്ഞു. 2023 ഒക്ടോബറിൽ സംഘർഷം തുടങ്ങിയതിനുശേഷം 62,004 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156,230 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
ഹമാസ് നിയന്ത്രണത്തിലുള്ള മന്ത്രാലയം എത്രപേർ സാധാരണക്കാരോ പോരാളികളോ ആണെന്ന് പറഞ്ഞിട്ടില്ലെങ്കിലും, മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അവർ കൂട്ടിച്ചേർത്തു. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ടു വർഷത്തോളമായി തുടരുന്ന ആക്രമണത്തിൽ നേരിട്ടല്ലാതെയുള്ള ചർച്ചകളുടെ ഫലമായി രണ്ട് താത്കാലിക വെടിനിർത്തലുകൾ നടപ്പിലായി. ഈ സമയത്ത് പലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.