ലണ്ടൻ; മലയാളി യുവാവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പൊലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
തുടർന്ന് നാട്ടിലെ ബന്ധുക്കൾ യുകെയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടതോടെ മരണ വിവരം കഴിഞ്ഞ ദിവസം യുകെ മലയാളികൾക്കിടയിൽ അറിഞ്ഞു തുടങ്ങിയത്. ഭാര്യ അഷ്ടമി ഇപ്പോൾ അവധിയെ തുടർന്ന് നാട്ടിലാണ് ഉള്ളത്. മൃതദേഹം ഡോൺകാസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരൻ. യുകെയിൽ ഒരു സ്ഥിര ജോലി ലഭിച്ചതിനെ തുടർന്ന് സന്തോഷമായി കഴിയവേ ഉണ്ടായ മരണ വിവരം അറിഞ്ഞുള്ള ഞെട്ടലിലാണ് യുകെയിലെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.