ന്യൂഡൽഹി: ഇന്ത്യയുടേത് 'ചത്ത സമ്പദ് വ്യവസ്ഥ'യാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാദം ആവർത്തിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കാതെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും നേതാക്കൾ. ശശി തരൂർ, രാജീവ് ശുക്ല, ഇമ്രാൻ മസൂദ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളും ട്രംപിന്‍റെ പ്രസ്താവനയെ തള്ളി രംഗത്തെത്തി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതുപോലെ ഇന്ത്യയുടേത് ‘ചത്ത സമ്പദ്‌വ്യവസ്ഥ’യാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും ഒഴികെ എല്ലാവർക്കും അതറിയാമെന്നുമായിരുന്നു രാഹുൽ കഴിഞ്ഞദിവസം നടത്തിയ പരാമർശം.
ട്രംപിന്റെ പ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ഗൗരവമേറിയ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പറഞ്ഞു. അമേരിക്ക അല്ലെങ്കിൽ പുറത്തുള്ള മറ്റു സാധ്യതകളും ഇന്ത്യ തേടണമെന്ന് ശശി തരൂർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അമേരിക്ക നമ്മുടെ ആവശ്യങ്ങളും മനസ്സിലാക്കണം. അമേരിക്കയ്ക്കുമേൽ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന തീരുവകൾ ന്യായീകരിക്കാനാകാത്തതല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശത്തെ അപലപിച്ചുകൊണ്ട് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് രംഗത്തെത്തി. മോദി ട്രംപിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. 'ട്രംപിനെതിരേ ഒരു വാക്കുപോലും പറയാൻ സർക്കാർ തയ്യാറല്ല. നമ്മൾ അമേരിക്കയുടെ അടിമകളായി മാറിയോ? രാജ്യം മുഴുവനും പ്രധാനമന്ത്രിക്കൊപ്പം ഉറച്ചുനിൽക്കും. പക്ഷെ, അദ്ദേഹം ട്രംപിന് മറുപടി നൽകണം', ഇമ്രാൻ മസൂദ് പറഞ്ഞു.
ട്രംപിന്റെ വാദം തെറ്റാണെന്നും ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥയല്ലെന്നും കോൺഗ്രസ് എംപി രാജീവ് ശുക്ല പ്രതികരിച്ചു. പി.വി. നരസിംഹ റാവു, വാജ്പേയ്, മൻമോഹൻസിങ് തുടങ്ങിയവരുടെ സംഭാവനകൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഒട്ടും ദുർബലമല്ല. അത് ദുർബലപ്പെടുത്താൻ സാധിക്കുകയുമില്ല. അത്തരത്തിൽ ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണകൊണ്ടാണ്. ട്രംപ് മിഥ്യാധാരണയിലാണ് ജീവിക്കുന്നത്', രാജീവ് ശുക്ല പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്ന ലോകത്തിലെതന്നെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതിനെ നിർജീവമെന്ന് വിളിക്കുന്നത് അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആണെന്ന് പ്രിയങ്കാ ചതുർവേദി പറഞ്ഞു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയാണ് നിർജീവമായതെന്ന് കർണാടക ബിജെപി എക്സിൽ കുറിച്ചു. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ ചെറുതാക്കിക്കാണിക്കാൻ രാഹുൽ ഗാന്ധി നിരന്തരം ശ്രമിക്കുന്നുവെന്നും ഇത് വെറും രാഷ്ട്രീയ പ്രഹസനമാണെന്നും ബിജെപി ആരോപിച്ചു. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന 140 കോടി ഇന്ത്യക്കാർക്ക് നേരെയുള്ള അപമാനമാണിതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.