കൊച്ചി : കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റിൽ വേദനയും അമർഷവും ഉണ്ടെന്നും, എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവർക്കെതിരെ വിവേചനം ഉണ്ട്. കന്യാസ്ത്രീകളെ എത്രയും വേഗം ജയിൽമോചിതരാക്കണം. ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനത്തിൽ സന്തോഷമുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. കന്യാസ്ത്രീകളോടൊപ്പമുള്ള കുട്ടികൾ പ്രായപൂർത്തിയായവരാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാൻ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടർന്നായിരുന്നു.
ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സർക്കാർ ആഗ്രഹിക്കുന്നത്. പെൺകുട്ടികൾ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിൽ പോകണമെങ്കിൽ പോലും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തിൽ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും രാഷ്ട്രീയ നാടകം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.