പാകിസ്ഥാൻ ;ചെമ്പ്, സ്വർണം, ലിഥിയം – പാക്കിസ്ഥാനിൽ ചൈനയുടെയും യുഎസിന്റെയും കണ്ണ് ഈ ധാതുക്കളാൽ സമ്പന്നമായ ബലൂച് മേഖലയിലേക്കാണ്. സൈനികാവശ്യങ്ങൾക്കും മറ്റ് ആധുനിക സാങ്കേതികവിദ്യകൾക്കും ഈ ധാതുക്കൾ യുഎസിന് അത്യന്താപേക്ഷിതമാണ്.
അതുകൊണ്ടുതന്നെ ഈ മേഖലയിലെ ധാതുസമ്പത്ത് വിനിയോഗിക്കാൻ പാക്കിസ്ഥാനുമായി ഒരു പുതിയ കരാറിൽ യുഎസ് ഒപ്പുവച്ചിട്ടുമുണ്ട്. ഈ കരാറിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, മേഖലയിൽ വിഘടനവാദത്തിന് ശബ്ദമുയർത്തുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (ബിഎൽഎ) ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കരാറിനു പിന്നാലെ വന്ന വിശദീകരണങ്ങളിൽ ഖനനം എവിടെയാണ് നടത്തുകയെന്നു പ്രഖ്യാപിച്ചിട്ടില്ല.പക്ഷേ, പാക്കിസ്ഥാനിലെ ധാതുസമ്പത്തിന്റെ ഭൂരിഭാഗവും തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലായതിനാൽ ആ മേഖല തന്നെയാണ് ചർച്ചകളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, കരാർ ഒപ്പിട്ടതിനു പിന്നാലെ എതിർപ്പുമായി ബലൂചിസ്ഥാൻ വിഘടനവാദികൾ രംഗത്തെത്തിയിരുന്നെങ്കിലും ആരും അതു മുഖവിലയ്ക്കെടുത്തില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിഎൽഎയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ബിഎൽഎയ്ക്കെതിരെ യുഎസ് നടപടിയെടുത്തത്? ചൈനയുമായുള്ള മത്സരത്തിന്റെ ഭാഗമായാണോ യുഎസിന്റെ നീക്കം? എന്തുകൊണ്ടാണ് യുഎസ് നിരന്തരം പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്? വിശദമായി പരിശോധിക്കാം.
തീരാ തലവേദന അർധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതുമായ ബലൂചിസ്ഥാൻ മേഖലയിലാണു പാക്കിസ്ഥാന്റെ 44% ഭൂപ്രദേശം. എന്നാൽ 5% ജനങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പാക്കിസ്ഥാന്റെ തീരാതലവേദനയാണ് ബലൂചിസ്ഥാനിലെ വിഘടനവാദം.
പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ആഗ്രഹത്തിനു പുറമേ, സ്വന്തം ധാതുസമ്പത്ത് പഞ്ചാബികളായ വരേണ്യവർഗം ചൂഷണം ചെയ്യുകയാണെന്നാണു ബലൂചികളുടെ വാദം. പർവേസ് മുഷറഫിന്റെ കാലത്ത് 2007ൽ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവച്ചുകൊന്നത് അവരുടെ രോഷം ആളിക്കത്തിച്ചിരുന്നു.
പാക്ക് സർക്കാർ ചൈനയുടെ സഹായത്തോടെ ഗ്വാദറിൽ വൻ തുറമുഖം നിർമിച്ചത് ബലൂചിസ്ഥാന്റെ ധാതുസമ്പത്ത് ചൈനയ്ക്കു നൽകി ചൂഷണം ചെയ്യാനാണെന്ന ആരോപണംകൂടി ഇതിനിടെ ഉയർന്നു. തുറമുഖത്തു നേരിട്ട് ആക്രമണമുണ്ടായില്ലെങ്കിലും തുറമുഖത്തേക്കുള്ള വാഹനങ്ങൾക്കു നേരെയും റോഡ്–റെയിൽ പാതകളെയും ബലൂച് വിഘടനവാദികൾ പതിവായി ആക്രമിച്ചു. ബലൂചിസ്ഥാനിൽ റെക്കോ ഡിക്ക്, സൈന്ദക് തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിലുള്ള ചെമ്പ്, സ്വർണ ശേഖരം ഉണ്ട്. പതിറ്റാണ്ടുകളായി ബാരിക്ക് ഗോൾഡ്, ചൈന മെറ്റലർജിക്കൽ ഗ്രൂപ്പ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് ഇവിടെ ഖനനം നടത്തുന്നത്.
പ്രാദേശിക വികസനം വാഗ്ദാനം ചെയ്തായിരുന്നു കരാറുകളെങ്കിലും ഒന്നും നടന്നില്ല. 2017ൽ ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയിൽ പാക്കിസ്ഥാൻ ഭാഗമായതോടെ ആക്രമണം ശക്തമായി. ചൈനയിൽനിന്നു പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഗിൽജിത് – ബാൽട്ടിസ്ഥാൻ പ്രദേശത്തുകൂടി തെക്കോട്ട് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയും തുറമുഖമായ ഗ്വാദറും വരെയുള്ള വ്യാവസായിക ഇടനാഴി നിർമിക്കുക എന്നതാണു പദ്ധതി. ∙ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ബലൂച് സ്വയം നിർണയവകാശവാദവുമായി പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) 2000ത്തിലാണു രംഗത്തെത്തുന്നത്. പാക്കിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയതിന്റെ ഉത്തരവാദിത്തം ഇവർ ഏറ്റെടുത്തിട്ടുണ്ട്.
ഇതിൽ സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഉൾപ്പെടുന്നു. ചൈന–പാക്ക് സാമ്പത്തിക ഇടനാഴിയോടും എതിർപ്പുള്ള ബലൂച് വിമോചനസേന, ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിവിധ ചൈനീസ് പദ്ധതികൾക്കെതിരെയും ഭീകരാക്രമണം നടത്തിയിട്ടുണ്ട്. ബലൂച് ലിബറേഷൻ ആർമിയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡ് ആണ് മിക്ക ആക്രമണങ്ങളുടെയും പിന്നിൽ. കഴിഞ്ഞകൊല്ലം ജനുവരിയിൽ മാച്ച് പട്ടണത്തിലെ പാക്ക് സൈന്യത്തിലെ ഫ്രോണ്ടിയർ കോറിന്റെ ആസ്ഥാനത്തോടൊപ്പം റെയിൽവേ സ്റ്റേഷനും ആക്രമിച്ചു. നാലു റെയിൽവേ ജീവനക്കാരും രണ്ട് സാധാരണക്കാരും ഒൻപതു ചാവേറുകളും കൊല്ലപ്പെട്ടു. നവംബറിൽ ക്വറ്റയിൽത്തന്നെ മറ്റൊരു റെയിൽവേ സ്റ്റേഷൻ ആക്രമിച്ചതിൽ 25 പേരാണു കൊല്ലപ്പെട്ടത്.
പാക്കിസ്ഥാന് നിരന്തര പിന്തുണ ശീതയുദ്ധകാലത്ത് യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ബ്ലോക്കിലെ സഖ്യകക്ഷിയായിരുന്നു പാക്കിസ്ഥാൻ. സോവിയറ്റ് യൂണിയന്റെ സ്വാധീനം തടയുന്നതിൽ പാക്കിസ്ഥാൻ ഒരു പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് യുഎസ് വിലയിരുത്തുന്നത്. 2001നു ശേഷം അഫ്ഗാനിസ്ഥാനിലെയും മറ്റു പ്രദേശങ്ങളിലെയും ഭീകര സംഘടനകൾക്കെതിരെ യുഎസ് നടത്തുന്ന പോരാട്ടത്തിൽ പാക്കിസ്ഥാൻ പ്രധാന പങ്കാളിയാണ്.
ഈ സഹകരണത്തിന്റെ പേരിൽ യുഎസിൽനിന്നു സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ പാക്കിസ്ഥാന് ലഭിച്ചിട്ടുണ്ട്. കൂടാതെ, മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിന് ഒരു പ്രതിരോധമെന്ന നിലയിലും പാക്കിസ്ഥാനുമായുള്ള ബന്ധം നിലനിർത്താൻ യുഎസ് ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഭീകരപ്രവർത്തനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗവുമാണ് യുഎസ് ബിഎൽഎയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ∙ ഒരുവെടിക്ക് ഒരുകൂട്ടം പക്ഷികൾ പാക്കിസ്ഥാനുമായുള്ള ധാതു ഖനന കരാറിലൂടെ ഒട്ടേറെ കാര്യങ്ങളിലാണ് യുഎസും പ്രസിഡന്റ് ഡോണൾഡ് ട്രംപും ലക്ഷ്യം വയ്ക്കുന്നത്.
ബലൂചിസ്ഥാനിലെ ധാതുക്കൾ ഊറ്റിയെടുത്ത് പണമുണ്ടാക്കുന്ന ചൈനയെ തടയുക തന്നെയാണു പ്രഥമ ലക്ഷ്യം. യുഎസും കൂടി കളത്തിലിറങ്ങിയാൽ ചൈനയുടെ സ്വാധീനം കുറഞ്ഞേക്കുമെന്നാണ് അവർ കരുതുന്നത്. പ്രദേശത്ത് ചൈന പുലർത്തുന്ന ആധിപത്യം യുഎസിനെ അലട്ടുന്നുണ്ട് ഇറാന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മേഖലയിലെ ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ബലൂചിസ്ഥാന്റെ സ്ഥാനം തന്ത്രപരമായി യുഎസിന് വിലപ്പെട്ടതാണ്.
പാക്കിസ്ഥാനിലെ എണ്ണ ശേഖരം താരതമ്യേന കുറവാണ് – 234 ദശലക്ഷത്തിനും 353 ദശലക്ഷം ബാരലിനും ഇടയിൽ. അയൽരാജ്യമായ ഇന്ത്യയിൽ ഉള്ളതിനേക്കാൾ കുറവാണ് ഇത്. അതുകൊണ്ടു തന്നെ യുഎസിന്റെ കണ്ണ് പാക്കിസ്ഥാനിലെ എണ്ണയിൽ അല്ല, ബലൂചിസ്ഥാനിലെ ധാതുശേഖരങ്ങളിലാണെന്നു വ്യക്തം. സാമ്പത്തിക തകർച്ചയും കടബാധ്യതയും മൂലം തകർന്ന പാക്കിസ്ഥാനും ഈ കരാർ നിലനിൽപ്പിന്റെ പ്രശ്നമാണ്. കരാറിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. ബലൂചിസ്ഥാന്റെ വിഘടനവാദത്തിനു തടയിടാൻ യുഎസ് ഒപ്പം നിൽക്കണമെന്ന് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ, ചൈന വന്നപ്പോഴുണ്ടായ അവസ്ഥ തന്നെ ആവർത്തിക്കാനാണു സാധ്യത. ചൈനീസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാക്ക് സൈന്യം ബലൂചിസ്ഥാനിൽ ഇറങ്ങിയിരുന്നെങ്കിലും ആക്രമണങ്ങൾ വർധിക്കുക മാത്രമാണ് ചെയ്തത്. യുഎസ് വരുന്നതോടെ മേഖലയിലെ വിഘടനവാദം അടിച്ചൊതുക്കാമെന്നും പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.