കൊച്ചി; ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തിൽ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കോൺക്ലേവിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യസംവാദത്തിന് എന്നെ വെല്ലുവിളിച്ചു. ബിജെപി സർക്കാരാണ് ഏറ്റവും കൂടുതൽ പണം കേരളത്തിനു തന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി സർക്കാർ വരുന്നതിനു മുൻപുള്ള സർക്കാർ 1300 കോടി രൂപയാണു ദുരന്തനിവാരണ നിധിയിലേക്ക് തന്നതെന്നും, 2014നു ശേഷം ബിജെപി സർക്കാർ 5000 കോടി രൂപ നല്‍കിയെന്നുമാണു അമിത്ഷാ പറഞ്ഞത്.ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും ധനകാര്യ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്. ഇത് ഭരണഘടനയിൽ എഴുതി ചേർത്ത സംസ്ഥാനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണ്. ഇത് കേന്ദ്രസർക്കാരിന്റെയോ ഭരണകക്ഷിയുടേയും ഔദാര്യമല്ല’–മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾ വിശദമായി കേന്ദ്ര ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കാറുണ്ട്. കമ്മിഷൻ ശുപാർശ പ്രകാരമുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് ലഭിക്കണം. ഇത് കേരളത്തിനു മാത്രം കേന്ദ്രം തരുന്ന പ്രത്യേക ഫണ്ടല്ല.
അത് കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കേണ്ടതായിരുന്നു. ദുരന്ത പ്രതികരണനിധിയുടെ വലുപ്പം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരല്ല, ധനകാര്യ കമ്മിഷനാണ്. ഈ ഭരണഘടനാദത്തമായ അവകാശത്തെ ബിജെപി സർക്കാരിന്റെ ഔദാര്യമാണെന്നു വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്, സംസ്ഥാനത്തോടുള്ള അവഹേളനമാണത്. പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടതാണ്. എന്നാൽ, ഒരു രൂപയും കേരളത്തിനു പ്രത്യേകമായി കിട്ടിയില്ല എന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കേണ്ടതായിരുന്നു.പ്രളയ സമയത്ത് നാടാകെ തകർന്നു. ആ സമയത്ത് ലോകരാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാനെത്തിയപ്പോൾ സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചു. ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ രാജ്യത്തിനു പുറത്തുനിന്നുള്ള സഹായം സ്വീകരിച്ചിരുന്നു. അന്ന് നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കേരളത്തിൽ ദുരന്തമുണ്ടായപ്പോൾ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല.
വിദേശമലയാളികൾ പ്രളയ സമയത്തു കേരളത്തെ സഹായിക്കാനെത്തി. എന്നാൽ, മന്ത്രിമാർക്ക് വിദേശ സന്ദർശനത്തിനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. അതും കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കണമായിരുന്നു. നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു. എന്നാൽ നാം അതിജീവനത്തിന്റെ മറ്റൊരു മാതൃക സൃഷ്ടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.