നാഗ്പുർ : ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പേൾ പിന്നിൽനിന്ന് അതിവേഗത്തിൽ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ ട്രക്കിനെ ഒരു മിന്നായം പോലെയാണ് അമിത് യാദവ് കണ്ടത്.
പരുക്കേറ്റ് റോഡിൽ വീണ ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ട്രക്കിന്റെ ചുവന്ന നിറം അല്ലാതെ വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ ഒന്നും ഓർത്തെടുക്കാനായില്ല. എന്നിട്ടും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ട്രക്കിനെ എഐ സഹായത്തോടെ ട്രാക്ക് ചെയ്ത് പിടികൂടി. 36 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റും ചെയ്തു.
ഓഗസ്റ്റ് 9നാണ് നാഗ്പുരിലെ അതിവേഗപാതയിൽ ബൈക്കിൽ അതിവേഗത്തിൽ പാഞ്ഞെത്തിയ ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ അമിത് യാദവിനൊപ്പമുണ്ടായിരുന്ന ഭാര്യ റോഡിൽ തെറിച്ചുവീഴുകയും ഇവർക്ക് മുകളിലൂടെ ട്രക്ക് കയറുകയും ചെയ്തു.
രക്ഷിക്കാൻ ആരുമില്ലാതിരുന്ന അവസ്ഥയിൽ ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവച്ചാണ് ഭർത്താവ് കൊണ്ടുപോയത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ‘കൊലയാളി’ ട്രക്കിനെ കണ്ടെത്താൻ പൊലീസ് തീരുമാനിച്ചു. എന്നാൽ ബൈക്കില്‍ ഇടിച്ചത് ചുവന്ന നിറത്തിലുള്ള ട്രക്കാണെന്ന വിവരം മാത്രമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് എഐ സഹായം തേടാൻ പൊലീസ് തീരുമാനിച്ചു.
അപകടം സംഭവിച്ചതിന് 15-20 കിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് ടോൾ ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ആദ്യം ശേഖരിച്ചത്. ഈ വിഡിയോയിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചുവന്ന നിറത്തിലുള്ള ട്രക്കുകളെ അതിവേഗം വേർതിരിച്ചെടുത്തു. തുടർന്ന് ട്രക്കുകളുടെ വേഗത്തിലായി പൊലീസ് കണ്ണ്. ഇവിടെയും പൊലീസിന് എഐ സഹായം ലഭിച്ചു. ഈ രണ്ട് പരിശോധനയും കഴിഞ്ഞപ്പോൾ എഐ പ്രതിയായ ട്രക്കിനെ ട്രാക്ക് ചെയ്തു പൊലീസിന് മുന്നിൽ നിർത്തി.
എഐ തന്റെ റോൾ കൃത്യമായി നിർവഹിച്ചതോടെ ട്രക്ക് തേടി നാഗ്പുർ റൂറൽ പൊലീസിൽ നിന്നുള്ള സംഘം അന്വേഷണത്തിന് ഇറങ്ങി. അപകടസ്ഥലത്തുനിന്ന് 700 കിലോമീറ്റർ അകലെയായി ഗ്വാളിയർ-കാൻപുർ ഹൈവേയിലൂടെ പായുകയായിരുന്ന ട്രക്കിനെ പിടിച്ചെടുത്ത് യുപി സ്വദേശിയായ ഡ്രൈവർ സത്യപാൽ രാജേന്ദ്രയെ പിടികൂടി. കേവലം 36 മണിക്കൂറുകൾ കൊണ്ട് കൊലപാതക കേസ് പൊലീസും എഐയും തെളിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.