തിരുവനന്തപുരം : സ്കൂള്‍ അധ്യാപകര്‍ക്കുള്ള അധ്യയന സഹായി പുസ്തകത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം വന്നതില്‍ നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്.
പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ് സിഇആര്‍ടിയ്ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
വിഷയം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താനും ചരിത്രപരമായ വസ്തുതകള്‍ ചേര്‍ത്തു മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
നാലാം ക്ലാസിലെ പരിസര പഠനം പുസ്തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. നേതാജിയെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ വിശദീകരിക്കുന്നിടത്താണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയന്ന് ജര്‍മനിയിലേക്ക് പലായനം ചെയ്തുവെന്ന വസ്തുത വിരുദ്ധമായ പരാമര്‍ശം വന്നത്.
ഇത് എസ്സിഇആര്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 4 ദിവസം മുന്‍പ് ഇതു തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം പരിഷ്കരിച്ച പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കൈപ്പുസ്തകമാണിത്. ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതല്ലാതെ അച്ചടിച്ചു നല്‍കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.